Skip to content

വാർണർ ഒഴികെയുള്ള ഓസ്‌ട്രേലിയൻ ടീം നേടിയത് 38 റൺസ്, സിംബാബ്‌വെയ്ക്കെതിരെ ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ഓസീസ്

സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തകർച്ച. ഓപ്പണർ ഡേവിഡ് വാർണറിന്റെ ഇന്നിങ്സാണ് ഓസ്‌ട്രേലിയയെ വൻ നാണക്കേടിൽ നിന്ന് രക്ഷപ്പെടുത്തിയത്. 96 പന്തിൽ 14 ഫോറും 2 സിക്‌സും ഉൾപ്പെടെ 94 റൺസാണ് നേടിയത്. 31 ഓവർ നേരിടുന്നതിനിടെ ഓസ്‌ട്രേലിയയുടെ 10 ബാറ്റ്സ്മാന്മാരും കൂടാരം കയറി. 141 റൺസാണ് ഓസ്‌ട്രേലിയ കഷ്‌ടിച്ച് നേടിയത്.

വാർണറിനെ കൂടാതെ മറ്റ് ഓസ്‌ട്രേലിയൻ ബാറ്റർമാർ നേടിയത് 38 റൺസാണ്. 9 എക്സ്ട്രാ റൺസ് ലഭിച്ചതോടെയാണ് 141 എന്ന സ്കോറിൽ എത്തിയത്. 9 പേർ രണ്ടക്കം പോലും കാണാതെ പുറത്തായി. 22 പന്തിൽ 19 റൺസ് നേടിയത് മാക്‌സ്‌വെലാണ് രണ്ടാമത്തെ ടോപ്പ് സ്‌കോറർ.

ഫിഞ്ചും വാർണറുമാണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ എത്തിയത്. അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ട്ടമായി. പിന്നാലെ 100 റൺസ് കടക്കും മുമ്പേ 5 വിക്കറ്റും വീണിരുന്നു. 129-6 എന്ന നിലയിൽ ഉണ്ടായിരുന്ന ഓസ്‌ട്രേലിയയുടെ ബാക്കിയുള്ള 4 വിക്കറ്റ് 12 റൺസ് നേടുന്നതിനിടെ നഷ്ട്ടമായതോടെ 141ൽ അവസാനിച്ചു.

3 ഓവർ മാത്രം എറിഞ്ഞ് 10 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ റിയാൻ ബർളാണ് ഓസ്‌ട്രേലിയൻ നിരയിൽ നാശം വിതച്ചത്. ബ്രാഡ് ഇവാൻസ് 2 വിക്കറ്റും നേടിയിട്ടുണ്ട്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 13 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 50 റൺസ് നേടിയിട്ടുണ്ട്. 7 വിക്കറ്റ് ബാക്കി നിൽക്കെ ജയിക്കാൻ ഇനി 92 റൺസ് വേണം.

ഓസ്‌ട്രേലിയൻ ബാറ്റർമാരുടെ സ്‌കോർ ഇങ്ങനെ: ഫിഞ്ച് (5), സ്റ്റീവ് സ്മിത്ത് (1), അലക്സ് കാരെ (4), സ്റ്റോയ്നിസ് (3), കാമെറോണ് ഗ്രീൻ (3), അഗർ (0), സ്റ്റാർക് (2), സാംപ (1*), ഹെസ്ൽവുഡ് (0).