Skip to content

ഹോങ്കോങിനെ തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ, വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം

ഏഷ്യ കപ്പിലെ നിർണായക പോരാട്ടത്തിൽ ഹോങ്കോങിനെ ഏകപക്ഷീയ വിജയം നേടി പാകിസ്ഥാൻ സൂപ്പർ ഫോറിൽ. 155 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ പാകിസ്ഥാൻ കുറിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങിന് 10.4 ഓവറിൽ 38 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഹോങ്കോങിൻ്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ കൂടിയാണിത്.

2.4 ഓവറിൽ 8 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഷദാബ് ഖാനും 5 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മൊഹമ്മദ് നവാസുമാണ് ഹോങ്കോങ്ങിനെ തകർത്തത്. നസീം ഷാ രണ്ട് വിക്കറ്റ് നേടി. ഹോങ്കോങ് നിരയിൽ ഒരു ബാറ്റ്സ്മാന് പോലും രണ്ടക്കം കടക്കുവാൻ സാധിച്ചില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 57 പന്തിൽ 78 റൺസ് നേടിയ മൊഹമ്മദ് റിസ്വാൻ, 41 പന്തിൽ 53 റൺസ് നേടിയ ഫഖർ സമാൻ, 15 പന്തിൽ 35 റൺസ് നേടിയ ഖുഷ്ദിൽ ഷാ എന്നിവരുടെ മികവിലാണ് 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടിയത്. ക്യാപ്റ്റൻ ബാബർ അസം 9 റൺസ് നേടി പുറത്തായി.

സൂപ്പർ ഫോറിൽ ഇന്ത്യയുമായാണ് പാകിസ്ഥാൻ്റെ ആദ്യ മത്സരം. നേരത്തെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിൻ്റെ വിജയം നേടിയിരുന്നു. സെപ്റ്റംബർ 4 ഞായറാഴ്ച്ചയിലാണ് മത്സരം നടക്കുന്നത്.