Skip to content

പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ഹാർദിക് പാണ്ഡ്യ

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ മികച്ച നേട്ടവുമായി ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. മത്സരത്തിൽ ബാറ്റിങിലും ബൗളിങിലും ഒരേപോലെ തിളങ്ങിയ പാണ്ഡ്യ ഓൾ റൗണ്ടർ റാങ്കിങിൽ തൻ്റെ ഏറ്റവും ഉയർന്ന സ്ഥാനത്തെത്തി. ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനും റാങ്കിങിൽ മികച്ച നേട്ടമുണ്ടാക്കി.

( Picture Source : Twitter )

പാകിസ്ഥാനെതിരെ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ പാണ്ഡ്യ 17 പന്തിൽ പുറത്താകാതെ 33 റൺസ് നേടിയിരുന്നു. ഈ പ്രകടനത്തോടെ ഐസിസി ടി20 ഓൾ റൗണ്ടർ റാങ്കിങിൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തികൊണ്ട് പാണ്ഡ്യ അഞ്ചാം സ്ഥാനത്തെത്തി. താരത്തിൻ്റെ ഏറ്റവും ഉയർന്ന റാങ്കിങ് ആണിത്.

( Picture Source : Twitter )

ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെൽ, ഇംഗ്ലണ്ട് താരം മൊയിൻ അലി, ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ എന്നിവരാണ് ഹാർദിക് പാണ്ഡ്യയ്‌ക്ക് മുൻപിൽ നാലാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ളത്. അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മൊഹമ്മദ് നബിയാണ് ഓൾ റൗണ്ടർ റാങ്കിങിൽ തലപത്തുള്ളത്.

ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച റാഷിദ് ഖാൻ ബൗളർമാരുടെ റാങ്കിങിൽ ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപ, ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദ് എന്നിവരെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. സൗത്താഫ്രിക്കൻ സ്പിന്നർ ഷംസിയാണ് റാങ്കിങിൽ രണ്ടാം സ്ഥാനത്തുള്ളത്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്.

( Picture Source : Twitter )

ബാറ്റ്സ്മാന്മാരുടെ റാങ്കിങിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. പാക് ക്യാപ്റ്റൻ ബാബർ അസം, മൊഹമ്മദ് റിസ്വാൻ, ഇന്ത്യൻ താരം സൂര്യകുമാർ യാദവ്, സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ എയ്ഡൻ മാർക്രം, ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഡേവിഡ് മലാൻ എന്നിവരാണ് റാങ്കിങിൽ ആദ്യ അഞ്ചിലുള്ളത്.

( Picture Source : Twitter )