Skip to content

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ തിരഞ്ഞെടുത്ത് ഷെയ്ൻ വാട്സൺ, ഇന്ത്യയിൽ നിന്നും ഒരാൾ മാത്രം

ടി20 ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൺ. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ടി20 ലോകകപ്പിന് മുൻപായി ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ വാട്സൺ തിരഞ്ഞെടുത്തത്. രണ്ട് പാകിസ്ഥാൻ കളിക്കാരെ നിലവിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളിൽ ഉൾപ്പെടുത്തിയ വാട്‌സൻ ഇന്ത്യയിൽ നിന്നും സൂര്യകുമാർ യാദവിനെ മാത്രമാണ് തിരഞ്ഞെടുത്തത്.

” ഞാൻ ആദ്യം തിരഞ്ഞെടുക്കുന്നത് ബാബർ അസമിനെയായിരിക്കും. അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാനാണ്. എങ്ങനെ ആധിപത്യം പുലർത്തണമെന്ന് അവനറിയാം. റിസ്ക് ഒന്നും തന്നെ എടുക്കാതെയാണ് അവൻ ബാറ്റ് ചെയ്യുന്നതെന്ന് തോന്നുമെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാർക്കെതിരെ അതിവേഗം അവൻ റൺസ് നേടുന്നു. അവൻ ഓസ്ട്രേലിയയിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം അവൻ്റെ ടെക്നിക്ക് ഓസ്ട്രേലിയൻ സാഹചര്യങ്ങൾക്ക് അനുയോജ്യമാണ്. ”

” രണ്ടാമതായി ഞാൻ തിരഞ്ഞെടുക്കുക സൂര്യകുമാർ യാദവിനെയാണ്. അവൻ അതിശയകരമായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. മൂന്നാമനായി ഡേവിഡ് വാർണറെയാണ് ഞാൻ തിരഞ്ഞെടുക്കുക. അവൻ കഴിഞ്ഞ ലോകകപ്പിൽ പ്ലേയർ ഓഫ് ദി ടൂർണമെൻ്റായിരുന്നു. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ തകർത്താടുവാൻ അവൻ തയ്യാറാണ്. ” ഷെയ്ൻ വാട്സൻ പറഞ്ഞു.

” നാലാമൻ ജോസ് ബട്ട്ലറാണ്, ഐ പി എല്ലിൽ ഒരുപാട് തവണ അവനെ പുറത്താക്കാൻ പോലും ആർക്കും സാധിച്ചില്ല. ഫോമിലാണെങ്കിൽ അവനെ പുറത്താക്കുക അസാധ്യമാണ്. ഓസ്ട്രേലിയൻ സാഹചര്യങ്ങൾ അവന് നന്നായി അറിയാം. അവൻ ബിഗ് ബാഷ് ലീഗിൽ കളിക്കുകയും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്തു. ”

” അവസാനമായി ഞാൻ തിരഞ്ഞെടുക്കുന്നത് ഷഹീൻ അഫ്രീദിയെയാണ്. വിക്കറ്റ് നേടാൻ പ്രത്യേക കഴിവ് തന്നെ അവനുണ്ട്. ന്യൂ ബോളിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരെ പുറത്താക്കാനുള്ള അവൻ്റെ കഴിവ് നാം കണ്ടതാണ്. ബൗൺസ് നിറഞ്ഞ ഓസ്ട്രേലിയയിലെ പിച്ചുകളിൽ അവൻ ആധിപത്യം പുലർത്തിയില്ലെങ്കിൽ അതെന്നെ അത്ഭുതപെടുത്തും. ” ഷെയ്ൻ വാട്സൺ കൂട്ടിച്ചേർത്തു.