Skip to content

ഇപ്പോഴും അതോർത്താൽ എനിക്ക് ഉറങ്ങാൻ സാധിക്കാറില്ല, 1986 ലെ പാകിസ്ഥാനിനെതിരായ തോൽവിയെ കുറിച്ച് കപിൽ ദേവ്

ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന മത്സരങ്ങളിൽ ഒന്നാണ് 1986 ൽ നടന്ന ഓസ്ട്രേലിയ-ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ ഫൈനൽ പോരാട്ടം. ഇമ്രാൻ ഖാൻ്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ടീം അന്ന് ഇന്ത്യയ്ക്കെതിരെ അവസാന പന്തിൽ ആവേശവിജയം കുറിച്ചിരുന്നു. ആ ഫൈനലിലെ തോൽവി ഇപ്പോഴും താൻ മറന്നിട്ടില്ലയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്.

ഫൈനൽ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 95 റൺസ് നേടിയ സുനിൽ ഗവാസ്‌കറുടെയും 75 റൺസ് നേടിയ ക്രിസ് ശ്രീകാന്തിൻ്റെയും 50 റൺസ് നേടിയ ദിലിപ് വെങ്സർക്കാറിൻ്റെയും മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് നേടിയിരുന്നു. എന്നാൽ മറുപടി ബാറ്റിങിൽ 114 പന്തിൽ 116 റൺസ് നേടിയ ജാവേദ് മിയാൻദാദിൻ്റെ മികവിൽ അവസാന പന്തിൽ ബൗണ്ടറി നേടികൊണ്ട് പാകിസ്ഥാൻ വിജയം നേടുകയായിരുന്നു.

” അവസാന ഓവറിൽ പ്രതിരോധിക്കാൻ 12-13 റൺസ് വേണമെന്നാണ് ഞങ്ങൾ കരുതിയത്. അത് വളരെ ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു. അക്കാലത്ത് അത് മിക്കവാറും അസാധ്യമായിരുന്നു. അവസാന ഓവർ ഞങ്ങൾ ചേതൻ ശർമ്മയ്ക്കാണ് നൽകിയത്. ആ ഓവർ അവന് കൈമാറിയത് തെറ്റാണെന്ന് ഞാൻ ഇപ്പോഴും കരുതുന്നില്ല. അവസാന പന്തിൽ അവർക്ക് വേണ്ടിയിരുന്നത് നാല് റൺസായിരുന്നു, ഒരു ലോ യോർക്കർ തന്നെ എറിയണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ”

” അവിടെ മറ്റൊരു പോംവഴിയും ഇല്ലായിരുന്നു. അവനും ഞങ്ങൾ എല്ലാവരും തന്നെ പരമാവധി ശ്രമിച്ചു. പക്ഷെ അതൊരു ലോ ഫുൾ ടോസായി മാറി. മിയാൻദാദ് തെറ്റൊന്നും കൂടാതെ ബൗണ്ടറിനേടുകയും ചെയ്തു. ഇന്നും അത് ഓർത്തുകഴിഞ്ഞാൽ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. ആ തോൽവി അടുത്ത നാല് വർഷത്തേക്ക് ടീമിൻ്റെ ആത്മവിശ്വാസം തകർത്തു. അവിടെ നിന്നൊരു തിരിച്ചുവരവ് ബുദ്ധിമുട്ടായിരുന്നു. ” കപിൽ ദേവ് പറഞ്ഞു.