Skip to content

അവനാണ് ടീമിലെ നിർണായക താരം, അവനെ മാറ്റി നിർത്തിയാൽ ടീലിലെ ബാലൻസ് ഇല്ലാതെയാകും, ഇന്ത്യൻ ടീമിലെ പ്രധാന താരത്തെ കുറിച്ച് രവി ശാസ്ത്രി

ഏഷ്യ കപ്പ് പോരാട്ടങ്ങൾക്കായി ഇന്ത്യൻ ടീം തയ്യാറെടുക്കവെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം ആരെന്ന് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ക്യാപ്റ്റൻ രോഹിത് ശർമ്മയും, വിരാട് കോഹ്ലിയും കെ എൽ രാഹുലും അടക്കമുളള താരങ്ങൾ ഉണ്ടെങ്കിലും ഇന്ത്യൻ ടീമിൽ ബാലൻസ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് മറ്റൊരു താരമാണെന്ന് രവി ശാസ്ത്രി തുറന്നുപറഞ്ഞു.

മറ്റാരുമല്ല ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെയാണ് ഇന്ത്യൻ ടീമിലെ നിർണായക താരമായി രവി ശാസ്ത്രി തിരഞ്ഞെടുത്തത്. ഹാർദിക് പാണ്ഡ്യ ഇല്ലെങ്കിൽ ഇന്ത്യൻ ടീമിൻ്റെ ബാലൻസ് തന്നെ നഷ്ടപെടുമെന്നും കഴിഞ്ഞ ടി20 ലോകകപ്പിൽ ഹാർദിക് ബൗൾ ചെയ്യാൻ സാധിക്കാതിരുന്നത് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായെന്നും രവി ശാസ്ത്രി പറഞ്ഞു.

” ഇന്ത്യയെ സംബന്ധിച്ച് അവൻ ടീമിലെ നിർണായക ഘടകങ്ങളിൽ ഒന്നാണ്. അവനെ ടീമിൽ നിന്നും മാറ്റിനിർത്തിയാൽ ഇന്ത്യൻ ടീമിൻ്റെ ബാലൻസ് തന്നെ നഷ്ടപെടും. അവൻ ഇന്ത്യയ്ക്ക് അത്രമാത്രം പ്രധാനമാണ്. ഒരു എക്സ്ട്രാ ബാറ്റ്സ്മാനെയാണോ ബൗളറെയാണോ കളിപ്പിക്കേണ്ടത് എന്ന് നിങ്ങൾക്ക് അറിയില്ല. ”

” കഴിഞ്ഞ ടി20 ലോകകപ്പിൽ അവന് ബൗൾ ചെയ്യാൻ സാധിക്കാതെ വന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. അത് വലിയ വ്യത്യാസമാണ് ഉണ്ടാക്കിയത്. ആ നമ്പറിൽ അവൻ്റെ കഴിവിനൊപ്പം കിടപിടിക്കാൻ ആർക്കും തന്നെ സാധിക്കില്ല. അവൻ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ്. അവനെ തീർച്ചയായും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ഒരുപാട് മത്സരങ്ങൾ ഇനി വരാനിരിക്കുന്നു, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള കളിക്കാരൻ അവനാണ്. ” രവി ശാസ്ത്രി പറഞ്ഞു.

പരിക്കിന് ശേഷം തിരിച്ചെത്തിയത് മുതൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചത്. ഈ വർഷം ടി20 ഫോർമാറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 12 ഇന്നിങ്സിൽ നിന്നും 281 റൺസ് നേടിയ താരം എട്ട് വിക്കറ്റും നേടിയിട്ടുണ്ട്.