Skip to content

റോയൽ ലണ്ടൻ കപ്പിൽ മൂന്നാം സെഞ്ചുറി, റെക്കോർഡ് ലിസ്റ്റിൽ കോഹ്ലിയെയും ബാബർ അസമിനെയും മറികടന്ന് പൂജാര

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റോയൽ ലണ്ടൻ ഏകദിന കപ്പിലെ തകർപ്പൻ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ താരം ചേതേശ്വർ പുജാര. ഇന്നലെ നടന്ന മത്സരത്തിൽ ടൂർണമെന്റിലെ മൂന്നാം സെഞ്ചുറിയും നേടിയിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ പൂജാര.

പൂജാര 90 പന്തിൽ 132 റൺസ് നേടിയതോടെ മിഡിൽസെക്‌സിനെതിരായ മത്സരത്തിൽ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ  സസെക്‌സ് 400 റൺസ് നേടി. 75 പന്തിൽ നിന്നാണ് സെഞ്ചുറി പൂർത്തിയാക്കിയത്. 20 ഫോറും 2 സിക്‌സും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.

നേരത്തെ, വാർവിക്ഷെയറിനെതിരെ പൂജാര 79 പന്തിൽ 107 റൺസ് നേടിയിരുന്നു.  പിന്നീട് സറേയ്ക്കെതിരായ മത്സരത്തിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ലിസ്റ്റ് എ സ്കോറായ 174ഉം നേടി. ഇതുവരെ, എട്ട് മത്സരങ്ങളിൽ നിന്ന്  102.33 ആവറേജിലും, 116.28 സ്‌ട്രൈക്ക് റേറ്റിലും 614 റൺസാണ് പൂജാര നേടിയത്.  മൂന്ന് സെഞ്ചുറികൾക്ക് പുറമെ ടൂർണമെന്റിൽ ഇതുവരെ രണ്ട് അർധസെഞ്ചുറികളും പൂജാര നേടിയിട്ടുണ്ട്.

ഈ പ്രകടനത്തോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ പൂജാര തന്റെ ആവറേജ് 57.49 ആയി ഉയർത്തി. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആവറേജ് ഉള്ളവരുടെ ലിസ്റ്റിൽ ഇന്ത്യൻ താരം വിരാട് കോഹ്‌ലിയെയും പാകിസ്ഥാൻ താരം ബാബർ അസമിനെയും മറികടന്നിരിക്കുകയാണ് പൂജാര. ലിസ്റ്റ് എ ക്രിക്കറ്റിൽ കോഹ്ലി 56.50 ആവറേജും, ബാബർ അസമിന് 56.56 ആവറേജുമാണ്.

ഈ പ്രകടനത്തോടെ കുറഞ്ഞത് 100 ലിസ്റ്റ്  എ കളിച്ചവരിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ആവറേജ് സ്വന്തമാക്കാൻ പുജാരയ്ക്ക് സാധിച്ചു. ഇന്ത്യൻ താരം വിരാട് കോഹ്‌ലിയെയും പാകിസ്ഥാൻ താരം ബാബർ അസമിനെയും മറികടന്നാണ് ഈ നേട്ടത്തിൽ പൂജാര എത്തിയത്. ലണ്ടൻ കപ്പിലെ പ്രകടനം പൂജാരയുടെ ആവറേജ് 57.49 ആയി ഉയർത്തിയിരിക്കുകയാണ്.

109 ഇന്നിംഗ്‌സിൽ നിന്നാണിത്. 153 ഇന്നിംഗ്‌സുകളിൽ നിന്ന് 56.56 ആവറേജുമായി ബാബർ അസമും   286 ഇന്നിംഗ്‌സുകളിൽ നിന്ന് 56.60 ആവറേജുമായി കോഹ്ലിയും പിറകിലുണ്ട്. ബാറ്റിംഗ് ഇതിഹാസം മൈക്കൽ ബെവനാണ് ഈ ലിസ്റ്റിൽ ഒന്നാമത്(385 ഇന്നിംഗ്‌സിൽ 57.86)