Skip to content

അവനെതിരെ പന്തെറിഞ്ഞ് എന്നെ തന്നെ വെല്ലുവിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഇന്ത്യൻ യുവതാരത്തെ കുറിച്ച് ബ്രെറ്റ് ലീ

ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മൺ, വിരാട് കോഹ്ലി, വീരേന്ദർ സെവാഗ് അടക്കമുളളവർക്കെതിരെ പന്തെറിഞ്ഞിട്ടുള്ള താരമാണ് മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. തൻ്റെ കരിയറിൽ ഇതിഹാസ താരങ്ങൾക്കെതിരെ പോലും മികവ് പുലർത്താൻ ബ്രെറ്റ് ലീയ്‌ക്ക് സാധിച്ചിട്ടുണ്ട്. നിലവിലെ ഇന്ത്യൻ ടീമിൽ താൻ ബൗൾ ചെയ്യാൻ ആഗ്രഹിക്കുന്ന ബാറ്റ്സ്മാനെ തിരഞ്ഞെടുത്തിരിക്കുകയാണ് ബ്രെറ്റ് ലീ. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് തൻ്റെ ആഗ്രഹം ബ്രെറ്റ് ലീ തുറന്നുപറഞ്ഞത്.

” സച്ചിൻ ടെണ്ടുക്കർക്കെതിരെയും കരിയറിൻ്റെ തുടക്കത്തിൽ വിരാട് കോഹ്ലിയ്ക്കെതിരെയും വീരേന്ദർ സെവാഗിനെതിരെയും കളിക്കുവാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. നിലവിൽ റിഷഭ് പന്തിനെ പോലെയൊരു ബാറ്റ്സ്മാനെതിരെ പന്തെറിയുന്നത് ആവേശകരമാകുമെന്ന് ഞാൻ കരുതുന്നു. ” ബ്രെറ്റ് ലീ പറഞ്ഞു.

” അവൻ വളരെ ആക്രമണകാരിയായ ബാറ്റ്സ്മാനാണ്, ക്രീസിൽ നടന്നുകൊണ്ട് ബാറ്റ് ചെയ്യും, അവനെതിരെ ബൗൾ ചെയ്തുകൊണ്ട് എന്നെ തന്നെ വെല്ലുവിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവനെ രണ്ടോ മൂന്നോ തവണ കണ്ടുമുട്ടാൻ എനിക്ക് സാധിച്ചിരുന്നു. അവൻ അസാധാരണ ബാറ്ററാണ്. അവനെതിരെ ബൗൾ ചെയ്യുകയെന്നത് ബുദ്ധിമുട്ടായിരിക്കും. അവൻ എനിക്കെതിരെ സിക്സുകൾ നേടുമായിരിക്കും. അതിൽ കുഴപ്പമില്ല. ” ബ്രെറ്റ് ലീ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ പ്രത്യേകിച്ച് ഓസ്ട്രേലിയക്കെതിരെ തകർപ്പൻ പ്രകടനമാണ് റിഷഭ് പന്ത് കാഴ്ച്ചവെച്ചിട്ടുള്ളത്. കഴിഞ്ഞ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ പന്തിൻ്റെ അവിശ്വസനീയ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം കുറിച്ചത്. ഇതിനോടകം ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് സെഞ്ചുറി നേടിയിട്ടുള്ള പന്ത് ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെയും സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ 7 മത്സരങ്ങളിൽ നിന്നും 62.40 ശരാശരിയിൽ 624 റൺസ് റിഷഭ് പന്ത് നേടിയിട്ടുണ്ട്.