Skip to content

വളരെ കുറച്ചുപേർക്ക് മാത്രമേ ആ കഴിവുള്ളൂ, ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിന് സാധിക്കും : മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സഞ്ജു സാംസണ് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്. കെ എൽ രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് അടക്കമുള്ളവർ ഉള്ളതിനാൽ ടോപ്പ് ഓർഡറിൽ സ്ഥാനം നേടുക പ്രയാസമാണെങ്കിലും മധ്യനിരയിൽ സ്ഥാനം കണ്ടെത്താൻ സഞ്ജുവിന് സാധിക്കുമെന്ന് വ്യക്തമാക്കിയ കൈഫ് തൻ്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും തുറന്നുപറഞ്ഞു.

ഈ വർഷം തകർപ്പൻ പ്രകടനമാണ് സഞ്ജു കാഴ്ച്ച വെച്ചത്. ടി20 ഫോർമാറ്റിൽ ഈ വർഷം 5 ഇന്നിങ്സിൽ നിന്നും 44.75 ശരാശരിയിൽ 155 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 179 റൺസ് നേടിയ സഞ്ജു ഏകദിനത്തിൽ 5 ഇന്നിങ്സിൽ നിന്നും ഈ വർഷം 40 ന് മുകളിൽ ശരാശരിയിൽ 130 റൺസ് നേടിയിട്ടുണ്ട്.

” അവന് ആദ്യ മത്സരത്തിൽ അവസരം ലഭിച്ചില്ല, പക്ഷേ പിന്നീട് കളിച്ച രണ്ട് ഇന്നിങ്സിൽ ആറ് സിക്സറുകൾ അവൻ നേടിയിരുന്നു. തീര്ച്ചയായും ടോപ്പ് ഓർഡറിൽ സ്ഥാനമില്ല, കാരണം അവിടെ രോഹിത് ശർമ്മയും കെ എൽ രാഹുലും, വിരാട് കോഹ്ലിയും സൂര്യകുമാർ യാദവുമുണ്ട്. ”

” സിക്സ് നേടാനുള്ള കഴിവുണ്ടെങ്കിൽ നിങ്ങളുടെ ഭാവി സുരക്ഷിതമാണ്, കാരണം അഞ്ചാമനായോ ആറാമനായോ സ്ഥാനം ഉറപ്പിക്കാൻ അവന് സാധിക്കും. ഹാർദിക് പാണ്ഡ്യയും റിഷഭ് പന്തും ദിനേശ് കാർത്തിക്കും അവിടെയാണ് കളിക്കുന്നത്, അവിടെ സ്ഥാനം കണ്ടെത്താൻ സഞ്ജുവിന് തീർച്ചയായും സാധിക്കും. ” കൈഫ് പറഞ്ഞു.

” മികച്ച പ്രകടനമാണ് അവൻ പുറത്തെടുത്തത്. ഉയർന്ന ബാക്ക് ലിഫ്റ്റിൽ സ്ട്രെയ്റ്റ് സിക്സറുകൾ പയിക്കാൻ സഞ്ജുവിന് സാധിക്കും. പുതിയ ബാറ്റ്സ്മാന്മാരെ ചുരുക്കം ചിലർക്ക് മാത്രമേ ആ കഴിവുള്ളൂ. മുൻനിര ബാറ്റ്സ്മാൻമാരെ പുറത്താക്കിയാൽ മത്സരം പിടിച്ചെടുക്കാൻ കഴിയുമെന്ന് എതിർ ടീം കരുതുന്നു. അവിടെയാണ് നല്ല പന്തുകൾ പോലും സിക്സ് പായിക്കാൻ കഴിവുള്ള സഞ്ജുവുള്ളത്. മത്സരം മാറ്റിമറിക്കാനുള്ള കഴിവ് അവനുണ്ട്. വെസ്റ്റിൻഡീസിൽ അവനത് കാണിച്ചിരുന്നു. അവൻ ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് എല്ലായ്പ്പോഴും ബാറ്റ് ചെയ്യുന്നത്. ” മൊഹമ്മദ് കൈഫ് കൂട്ടിച്ചേർത്തു.