Skip to content

ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ ആര് വിജയിക്കും, പ്രവചനവുമായി ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്

ഏഷ്യ കപ്പിൽ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടത്തിലെ വിജയികളെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ ഏത് ടീം വിജയിക്കുമെന്ന് റിക്കി പോണ്ടിങ് പ്രവചിച്ചത്.

ഓഗസ്റ്റ് 28 ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇക്കുറി മൂന്ന് തവണ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടാനുള്ള സാധ്യതകൾ കൂടിയുള്ളതിനാൽ ഒരു പരമ്പര കാണുന്ന ആവേശത്തോടെ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം കാണുവാൻ ആരാധകർക്ക് സാധിക്കും.

” പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഞാൻ ഇന്ത്യയ്ക്കൊപ്പം തന്നെ നിൽക്കുന്നു. പക്ഷേ പാകിസ്ഥാന് സാധ്യതകൾ ഇല്ലെന്നല്ല ഞാൻ പറയുന്നത്. അവർ മികച്ച ഒരു ക്രിക്കറ്റ് രാഷ്ട്രമാണ്. അവർ ഇപ്പോഴും സൂപ്പർതാരങ്ങളെ ലോക ക്രിക്കറ്റിന് സമ്മാനിച്ചുകൊണ്ടിരിക്കുന്നു. ” പോണ്ടിങ് പറഞ്ഞു.

രാഷ്ട്രീയ കാരണങ്ങൾ മൂലം ഇരുടീമുകളും തമ്മിലുള്ള പരമ്പരകൾ നിർത്തിവെച്ചത് ക്രിക്കറ്റ് ലോകത്തിന് നഷ്ടമാണെന്നും ഒരു ക്രിക്കറ്റ് പ്രേമിയും ക്രിക്കറ്റ് നിരീഷകനും എന്ന നിലയിൽ ഇന്ത്യ – പാക് പോരാട്ടങ്ങൾ എന്നും താൻ ആവേശത്തോടെ വീക്ഷിച്ചിട്ടുണ്ടെന്നും റിക്കി പോണ്ടിങ് പറഞ്ഞു. ഏതൊരു ടൂർണമെൻ്റ് വരുമ്പോഴും ഇന്ത്യ തന്നെയാണ് ഫേവറിറ്റുകളെന്നും ഇന്ത്യയുടെ പോലെ ഡെപ്ത് മറ്റൊരു ടീമിനുമില്ലെന്നും റിക്കി പോണ്ടിങ് അഭിപ്രായപെട്ടു.

” ഏഷ്യ കപ്പിൽ മാത്രമല്ല, ഏതൊരു ടൂർണമെൻ്റിലും ഇന്ത്യയെ മറികടക്കുകയെന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. വരുന്ന ടി20 ലോകകപ്പിനെ കുറിച്ച് സംസാരിക്കുമ്പോഴും ഇന്ത്യ മുൻപന്തിയിൽ തന്നെയുണ്ടാകും. മറ്റേതൊരു ടീമിനേക്കാളും മികച്ച ഡെപ്ത് അവർക്കുണ്ട്. ഇന്ത്യ തന്നെ ഏഷ്യ കപ്പ് നേടുമെന്നാണ് ഞാൻ കരുതുന്നത്. ” മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.