Skip to content

ഇനി കൂടുതൽ റൺസ് നേടുവാൻ കഠിനാധ്വാനം ചെയ്യും, ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ

ഏഷ്യ കപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിൽ തനിക്ക് നിരാശയില്ലെന്ന് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ. ടീമിൽ നിന്നും ഒഴിവാക്കപെട്ടത് പോസിറ്റീവായാണ് കാണുന്നതെന്നും ഇനി കൂടുതൽ റൺസ് നേടുവാൻ കഠിനാധ്വാനം ചെയ്യുമെന്നും ഇഷാൻ കിഷൻ പറഞ്ഞു.

ഈ വർഷം ഇന്ത്യയ്ക്ക് വേണ്ടി ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനാണ് ഇഷാൻ കിഷൻ. 14 മത്സരങ്ങളിൽ നിന്നും 30 ന് മുകളിൽ ശരാശരിയിൽ മൂന്ന് ഫിഫ്റ്റിയടക്കം 430 റൺസ് ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ നേടിയിരുന്നു. 449 റൺസ് നേടിയ ശ്രേയസ് അയ്യർ മാത്രമാണ് ഇഷാൻ കിഷന് മുൻപിലുള്ളത്.

” സെലക്ടർമാർ ചെയ്യുന്നത് ന്യായമാണെന്ന് ഞാൻ കരുതുന്നു. കളിക്കാരെ തിരഞ്ഞെടുക്കുമ്പോൾ ആർക്ക് എവിടെയാണ് അവസരം നൽകേണ്ടത് എന്നതിനെ കുറിച്ച് ഉത്തമമായ ബോധ്യം അവർക്കുണ്ട്. എന്നെ സംബന്ധിച്ച് ഇത് പോസിറ്റീവാണ്. കാരണം എന്നെ തിരഞ്ഞെടുത്തില്ലയെന്നതിനാൽ ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്യുകയും കൂടുതൽ റൺസ് നേടുകയും ചെയ്യും. സെലക്ടർമാർക്ക് എന്നിൽ വിശ്വാസം വരുമ്പോൾ അവർ തീർച്ചയായും എന്നെ ടീമിൽ ഉൾപ്പെടുത്തും. ” ഇഷാൻ കിഷൻ പറഞ്ഞു.

ഇഷാൻ കിഷനൊപ്പം സഞ്ജു സാംസണും ടീമിൽ ഇടം നേടുവാൻ സാധിച്ചില്ല. ഈ വർഷം ഇന്ത്യയ്ക്ക് വേണ്ടി കളിച്ച 5 ഇന്നിങ്സിൽ നിന്നും 44.75 ശരാശരിയിൽ 158.50 സ്ട്രൈക്ക് റേറ്റിൽ 179 റൺസ് സഞ്ജു നേടിയിരുന്നു. ഏഷ്യ കപ്പിനില്ലാത്ത ഇരുവരും സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയും കളിക്കും. വിൻഡീസിനെതിരെ വിക്കറ്റിന് പുറകിലും ബാറ്റിങിലും മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു തന്നെയായിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ.