സെഞ്ചുറി നേടി രക്ഷകനായി ബ്രേസ്വെൽ, അയർലൻഡിനെതിരെ അവസാന ഓവറിൽ ആവേശവിജയം കുറിച്ച് ന്യൂസിലൻഡ്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആവേശവിജയം കുറിച്ച് ന്യൂസിലൻഡ്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ സെഞ്ചുറി നേടിയ മൈക്കൽ ബ്രേസ്വെല്ലിൻ്റെ മികവിലാണ് ന്യൂസിലൻഡ് പരാജയം ഒഴിവാക്കിയത്.

( Picture Source : Twitter )

മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 301 റൺസിൻ്റെ വിജയലക്ഷ്യം 49.5 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലൻഡ് മറികടന്നത്. ഒരു ഘട്ടത്തിൽ 153 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ട കിവീസിനെ ഏഴാമനായി ഇറങ്ങി സെഞ്ചുറി നേടിയ ബ്രേസ്വെല്ലാണ് വിജയത്തിലെത്തിച്ചത്. 82 പന്തിൽ 10 ഫോറും 7 സിക്സുമടക്കം പുറത്താകാതെ 127 റൺസ് താരം അടിച്ചുകൂട്ടി. അവസാന ഓവറിൽ 20 റൺസ് വേണമെന്നിരിക്കെ ആദ്യ രണ്ട് പന്തിൽ ഫോർ നേടിയ മൂന്നാം പന്തിൽ സിക്സും നാലാം പന്തിൽ ഫോറും അഞ്ചാം പന്തിൽ വീണ്ടും സിക്സ് പറത്തികൊണ്ട് ടീമിനെ വിജയത്തിലെത്തിച്ചു.

( Picture Source : Twitter )

61 പന്തിൽ 51 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിൽ മാത്രമാണ് ബ്രേസ്വേല്ലിനെ കൂടാതെ ന്യൂസിലൻഡിന് വേണ്ടി തിളങ്ങിയത്. അയർലൻഡിന് വേണ്ടി കർട്ടിസ് കാംഫർ മൂന്ന് വിക്കറ്റും മാർക്ക് അഡയർ രണ്ട് വിക്കറ്റും നേടി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 117 പന്തിൽ 113 റൺസ് നേടിയ യുവതാരം ഹാരി ടെക്ടറിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഇന്ത്യയ്ക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച താരം ഏകദിന ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറിയാണ് ന്യൂസിലൻഡിനെതിരെ നേടിയത്. ന്യൂസിലൻഡിന് വേണ്ടി ലോക്കി ഫെർഗൂസൻ, ഇഷ് സോധി, ബ്ലെയർ ടിക്നർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലൻഡ് 1-0 ന് മുൻപിലെത്തി. ജൂലൈ 12 നാണ് പരമ്പരയിലെ രണ്ടാം മത്സരം.

( Picture Source : Twitter )