Skip to content

സെഞ്ചുറി നേടി ഒറ്റയ്ക്ക് പൊരുതി സൂര്യകുമാർ യാദവ്, പിന്തുണ നൽകാനാകാതെ മറ്റുള്ളവർ, മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് വിജയം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 17 റൺസിൻ്റെ വിജയം. മത്സരത്തിൽ 216 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് മാത്രമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter )

അക്ഷരാർതഥത്തിൽ ഒറ്റയാൾ പോരാട്ടമാണ് സൂര്യകുമാർ യാദവ് ഇന്ത്യയ്ക്ക് വേണ്ടി കാഴ്ച്ചവെച്ചത്. മറ്റുള്ളവർ നിറം മങ്ങിയ മത്സരത്തിൽ വെറും 48 പന്തിൽ സെഞ്ച്വറി നേടിയ സൂര്യകുമാർ 55 പന്തിൽ 14 ഫോറും 6 സിക്സുമടക്കം 117 റൺസ് നേടിയാണ് പുറത്തായത്. സൂര്യകുമാർ പുറത്താകുന്നത് വരെ വിജയപ്രതീക്ഷ നിലനിർത്തുവാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. 23 പന്തിൽ 28 റൺസ് നേടിയ ശ്രേയസ് അയ്യരാണ് സൂര്യകുമാർ യാദവിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്.

( Picture Source : Twitter )

രോഹിത് ശർമ്മയും പന്തും കോഹ്ലിയും അടങ്ങിയ മുൻനിരയ്ക്കും ദിനേശ് കാർത്തിക്കും ജഡേജയും അടങ്ങിയ മധ്യനിരയ്ക്കും സൂര്യകുമാർ യാദവിന് വേണ്ടത്ര പിന്തുണ നൽകാൻ സാധിച്ചില്ല.

ഇംഗ്ലണ്ടിന് വേണ്ടി റീസ് ടോപ്ലെ മൂന്ന് വിക്കറ്റും ഡേവിഡ് വില്ലി, ക്രിസ് ജോർദാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും റിച്ചാർഡ് ഗ്ലീസൻ, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടിയിരുന്നു. 39 പന്തിൽ 77 റൺസ് നേടിയ ഡേവിഡ് മലാനും 29 പന്തിൽ 42 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റണുമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി രവി ബിഷ്നോയും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതവും ആവേശ് ഖാനും ഉമ്രാൻ മാലിക്കും ഓരോ വിക്കറ്റ് വീതവും നേടി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിരുന്നു. ജൂലൈ 12 നാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്.

( Picture Source : Twitter )