ഷോട്ട് ഓഫ് ദി സിരീസ്, ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഷോട്ട്, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഇന്ത്യ പരാജയപെട്ടുവെങ്കിലും സെഞ്ചുറി നേടി ഗംഭീര പ്രകടനമാണ് സൂര്യകുമാർ യാദവ് ഇന്ത്യക്കായി കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്ക്കൊപ്പം മത്സരത്തിൽ സൂര്യകുമാർ യാദവ് പായിച്ച ബൗണ്ടറികൾ ശ്രദ്ധേയമായി. അതിൽ പതിനാലാം ഓവറിൽ സൂര്യകുമാർ നേടിയ സിക്സ് ഏവരെയും അമ്പരിപ്പിച്ചു.

( Picture Source : Twitter )

റിച്ചാർഡ് ഗ്ലീസനെതിരെയാണ് പതിനാലാം ഓവറിലെ രണ്ടാം പന്തിൽ തകർപ്പൻ സിക്സ് സൂര്യകുമാർ യാദവ് പറത്തിയത്. ഓഫ് സ്റ്റമ്പിന് വെളിയിലായി ഗ്ലീസൻ എറിഞ്ഞ ഫുൾ ലെങ്ത് പന്ത് തകർപ്പൻ ഷോട്ടിലൂടെ എക്സ്ട്രാ കവറിന് മുകളിലൂടെ സൂര്യകുമാർ യാദവ് ബൗണ്ടറിയിലെത്തിക്കുകയായിരുന്നു.

വീഡിയോ ;

വെറും 48 പന്തിൽ നിന്നും സെഞ്ചുറി കുറിച്ച സൂര്യകുമാർ യാദവ് 55 പന്തിൽ 117 റൺസ് നേടിയാണ് പുറത്തായത്. 14 ഫോറും 4 സിക്സും സൂര്യകുമാർ യാദവിൻ്റെ ബാറ്റിൽ നിന്നും പിറന്നു. അന്താരാഷ്ട്ര ടി20 യിൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് സൂര്യകുമാർ യാദവ്. രോഹിത് ശർമ്മ, കെ എൽ രാഹുൽ, സുരേഷ് റെയ്ന, ദീപക് ഹൂഡ എന്നിവരാണ് ഇതിനുമുൻപ് ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയിട്ടുള്ളത്. ഇതിൽ രോഹിത് ശർമ്മ നാല് സെഞ്ചുറി നേടിയപ്പോൾ കെ എൽ രാഹുൽ രണ്ട് സെഞ്ചുറി നേടി.

( Picture Source : Twitter )

മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ പരാജയപെട്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 216 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടാനെ സാധിച്ചുള്ളൂ. മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ടി20 പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ 50 റൺസിനും രണ്ടാം മത്സരത്തിൽ 49 റൺസിനും ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയിരുന്നു.

( Picture Source : Twitter )