അവരെ എന്തിനാണ് വിദഗ്ദ്ധരെന്ന് വിളിക്കുന്നത്, കോഹ്ലിയുടെ സ്ഥാനത്തെ ചോദ്യം ചെയ്തവരെ രൂക്ഷമായി വിമർശിച്ച് വിരാട് കോഹ്ലി

മോശം ഫോമിൽ തുടരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. പുറത്തുനിന്നുള്ള വാക്കുകൾക്ക് തങ്ങൾ പ്രാധാന്യം കൊടുക്കുന്നില്ലയെന്ന് വ്യക്തമാക്കിയ രോഹിത് വിരാട് കോഹ്ലിയെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു.

ഇന്ത്യ 2-1 ന് വിജയിച്ച പരമ്പരയിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 12 റൺസ് നേടാൻ മാത്രമാണ് കോഹ്ലിയ്‌ക്ക് സാധിച്ചത്. കോഹ്ലിയെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് കപിൽ ദേവ് അടക്കമുള്ള മുൻ താരങ്ങൾ അഭിപ്രായപെട്ടിരുന്നു. അശ്വിനെ ടെസ്റ്റ് ടീമിൽ നിന്നും പുറത്താക്കാമെങ്കിൽ എന്തുകൊണ്ട് കോഹ്ലിയെ ടി20 ടീമിൽ നിന്നും ഒഴിവാക്കികൂടാ എന്നായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ്റെ പ്രതികരണം.

” ഞങ്ങൾക്ക് ഇത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. കാരണം പുറത്തുനിന്നുള്ള വാക്കുകൾ ഞങ്ങൾ കേൾക്കുന്നില്ല. കൂടാതെ ഈ വിദഗ്ധർ ആരാണെന്നോ അവരെ എന്തുകൊണ്ടാണ് വിദഗ്ധരെന്ന് വിളിക്കുന്നതെന്നോ എനിക്കറിയില്ല. ”

” അവരെല്ലാം പുറമെ നിന്നാണ് കാണുന്നത്, ടീമിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർക്കറിയില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ പദ്ധതികളുണ്ട്. ഞങ്ങൾ ടീം ഉണ്ടാക്കുന്നു, അതിനെ പറ്റി സംവദിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു. ഞങ്ങൾ തിരഞ്ഞെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന താരങ്ങൾക്ക് അവസരങ്ങൾ നൽകുന്നു. പുറത്തുനിന്നുള്ള ആളുകൾക്ക് അതിനെ കുറിച്ച് അറിയില്ല, ടീമിനുള്ളിൽ എന്താണ് സംഭവിക്കുന്നത് അതാണ് പ്രധാനം. ” രോഹിത് ശർമ്മ പറഞ്ഞു.

” ഫോമിനെ കുറിച്ച് പറയുകയാണെങ്കിൽ എല്ലാ താരങ്ങളും ഉയർച്ചയിലൂടെയും താഴ്‌ച്ചയിലൂടെയും പോയിട്ടുണ്ട്. എന്നാൽ കളിക്കാരൻ്റെ ക്വാളിറ്റിയെ അതൊരിക്കലും ബാധിക്കില്ല. വർഷങ്ങളായി ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം ഒന്നോ രണ്ടോ പരമ്പരകൾ കൊണ്ട് മോശം പ്ലേയറാകില്ല. അദ്ധേഹത്തിൻ്റെ മുൻകാല പ്രകടനങ്ങൾ കാണാതെ പോകരുത്. ടീമിലുള്ള ഞങ്ങൾക്ക് അവരുടെ പ്രാധാന്യം അറിയാം. ഇതിനെ കുറിച്ച് സംസാരിക്കാൻ പുറത്തുള്ളവർക്ക് തീർച്ചയായും അവകാശമുണ്ട്. പക്ഷേ അതൊന്നും ഞങ്ങൾ കാര്യമാക്കുന്നില്ല. ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.