Skip to content

അന്ന് ഞാൻ തമാശ പറയുകയാണെന്നാണ് അവൻ കരുതിയത്, വാർണറോട് ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുവാൻ നിർദ്ദേശിച്ചതിനെ കുറിച്ച് വീരെന്ദർ സെവാഗ്

ഐ പി എല്ലിൽ തൻ്റെ ഓപ്പണിങ് പങ്കാളിയായിരുന്ന ഡേവിഡ് വാർണറുമായി കളിച്ചതിൻ്റെ അനുഭവങ്ങൾ പങ്കുവെച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. 2009 സീസൺ മുതൽ 2013 വരെ ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടിയാണ് ഡേവിഡ് വാർണർ കളിച്ചിരുന്നത്. ടി20 സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ കരിയർ ആരംഭിച്ച വാർണറിൽ ഒരു ടെസ്റ്റ് ക്രിക്കറ്ററെ ആദ്യമായി കണ്ടെത്തിയത് വീരേന്ദർ സെവാഗായിരുന്നു.

തുടക്കകാലത്ത് വാർണർ എല്ലാ ബോളിലും റൺസ് നേടാൻ മാത്രമായിരുന്നു നോക്കിയിരുന്നതെന്നും എന്നാൽ കാലക്രമേണ ഒരു മികച്ച മാച്ച് വിന്നറായി വാർണർ മാറിയെന്നും സെവാഗ് പറഞ്ഞു.

” ഡേവിഡ് വാർണർ ആദ്യം ഡൽഹി ടീമിൻ്റെ ഭാഗമായപ്പോൾ ടി20 യിൽ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും മികച്ച കളിക്കാരനാകുവാൻ കഴിയുമെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. അതുകേട്ട് ആദ്യം അവൻ ചിരിക്കുകയാണ് ചെയ്തത്. ഞാൻ തമാശ പറയുമായാണെന്ന് അവൻ കരുതി. ”

” ടി20 ക്രിക്കറ്റിൽ 6 ഓവറുകളുടെ പവർപ്ലേയുണ്ട്. എന്നാൽ ദിവസം മുഴുവനും അത്തരം ഫീൽഡ് പ്ലേസ്മെൻ്റുകൾ നിങ്ങൾക്ക് ലഭിക്കും. തുടക്കക്കാലത്ത് എല്ലാ പന്തിലും ബൗണ്ടറി നേടുവാൻ അവൻ ശ്രമിക്കുമായിരുന്നു. എന്നാൽ പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ തുടങ്ങിയതോടെ സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കാൻ തുടങ്ങുകയും ഒരു മികച്ച മാച്ച് വിന്നറായി അവൻ മാറുകയും ചെയ്തു. സൺറൈസേഴ്സ് കിരീടം നേടിയതിൽ ക്രെഡിറ്റ് നൽകേണ്ടത് അവനാണ് ” സെവാഗ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ 2011 ൽ അരങ്ങേറ്റം കുറിച്ച വാർണർ 24 സെഞ്ചുറിയും 7000 തിലധികം റൺസും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ദിനത്തിൽ ആദ്യ സെഷന് മുൻപേ സെഞ്ചുറി നേടിയിട്ടുള്ള ചുരുക്കം ബാറ്റ്സ്മാന്മാരിൽ ഒരാൾ കൂടിയാണ് ഡേവിഡ് വാർണർ.

” ഡൽഹിയ്ക്ക് കിരീടം നേടണമെങ്കിൽ ടീം മുഴുവനും സംഭാവന നൽകേണ്ടതുണ്ട്. ഒരു കളിക്കാരൻ മാത്രം ഫോമായി ടീമിന് കിരീടം നേടികൊടുത്ത ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല. ഡേവിഡ് വാർണറും പൃഥ്വി ഷായും പരാജയപെട്ടാൽ ആ സമയത്ത് മധ്യനിര ബാറ്റ്സ്മാന്മാർ ഉത്തരവാദിത്വം ഏറ്റെടുക്കുകയും റൺസ് സ്കോർ ചെയ്യുകയും വേണം. ” വീരേന്ദർ സെവാഗ് കൂട്ടിച്ചേർത്തു.