Skip to content

അമ്പയർ ഔട്ട് നൽകിയില്ല, സ്വയം ക്രീസിൽ നിന്നും മടങ്ങി ഡീകോക്ക്, കയ്യടിച്ച് ക്രിക്കറ്റ് ലോകം, വീഡിയോ കാണാം

ഡിസിഷൻ റിവ്യൂ സിസ്റ്റത്തിൻ്റെ വരവോടെ അമ്പയർ ഔട്ട് വിധിക്കുന്നതിന് മുൻപേ ബാറ്റ്സ്മാന്മാർ ക്രീസിൽ നിന്നും മടങ്ങുന്ന കാഴ്ച്ച ഇപ്പോൾ ക്രിക്കറ്റിൽ വിരളമാണ്. എന്നാൽ അത്തരത്തിലൊരു അപൂർവ്വകാഴ്ച്ചയ്ക്ക് ലഖ്നൗ സൂപ്പർ ജയൻ്റ്സ് – പഞ്ചാബ് കിങ്സ് മത്സരം വേദിയായി. ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ സൗത്താഫ്രിക്കൻ ഓപ്പണർ ക്വിൻ്റൻ ഡീകോക്കാണ് അമ്പയർ ഔട്ട് വിധിക്കുന്നതിന് മുൻപേ ക്രീസിൽ നിന്നും മടങ്ങിയത്. ക്രിക്കറ്റ് ഇപ്പോഴും മാന്യന്മാരുടെ കളിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കാഴ്ച്ച.

( Picture Source : Twitter )

മത്സരത്തിൽ സന്ദീപ് ശർമ്മ എറിഞ്ഞ പതിമൂന്നാം ഓവറിലെ നാലാം പന്തിലാണ് സംഭവം അരങ്ങേറിയത്. സന്ദീപ് ശർമ്മയുടെ സ്ലോ ബോൾ ഓഫ് സൈഡിലേക്ക് പായിക്കാനുള്ള ശ്രമത്തിനിടെ ഡീകോക്കിൻ്റെ ബാറ്റിൽ എഡ്ജ് ചെയ്യുകയും വിക്കറ്റ് കീപ്പർ കൈപിടിയിലൊതുക്കുകയും വിക്കറ്റിനായി അപ്പീൽ ചെയ്യുകയും ചെയ്തുവെങ്കിലും എന്നാൽ വിക്കറ്റ് നൽകുവാൻ അമ്പയർ തയ്യാറായില്ല. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഡീകോക്ക് ക്രീസിൽ നിന്നും മടങ്ങുകയായിരുന്നു.

വീഡിയോ ;

ക്രീസിൽ നിന്നും മടങ്ങിയ ഡീകോക്കിനെ സന്ദീപ് ശർമ്മ പുറത്തുതട്ടി പ്രശംസിക്കുകയും ചെയ്തു. 37 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 46 റൺസ് നേടിയാണ് ഡീകോക്ക് പുറത്തായത്.

( Picture Source : Twitter )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയൻ്റ്സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടി. 46 റൺസ് നേടിയ ഡീകോക്കിനൊപ്പം 28 പന്തിൽ 34 റൺസ് നേടിയ ദീപക് ഹൂഡയും മാത്രമാണ് ലഖ്നൗവിന് വേണ്ടി തിളങ്ങിയത്.

പഞ്ചാബ് കിങ്സിന് വേണ്ടി കഗിസോ റബാഡ നാലോവറിൽ 38 റൺസ് വഴങ്ങി നാല് വിക്കറ്റും രാഹുൽ ചഹാർ രണ്ട് വിക്കറ്റും സന്ദീപ് ശർമ്മ ഒരു വിക്കറ്റും നേടി.

( Picture Source : Twitter )