Skip to content

ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുമെന്ന് അന്നവൻ അമ്മയ്ക്ക് വാക്കുകൊടുത്തു, റോവ്മൻ പവലിൻ്റെ ഹൃദയ സ്പർശിയായ കഥ വിവരിച്ച് ഇയാൻ ബിഷപ്പ്

ഡൽഹി ക്യാപിറ്റൽസിൻ്റെ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ റോവ്മാൻ പവലിൻ്റെ ഹൃദയസ്പർശിയായ കഥ വെളിപ്പെടുത്തി മുൻ വെസ്റ്റിൻഡീസ് താരവും കമൻ്റെറ്ററുമായ ഇയാൻ ബിഷപ്പ്. സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ പവൽ ദാരിദ്ര്യത്തിൽ നിന്നും കുടുംബത്തെ കരകയറ്റുമെന്ന് ഉറപ്പുനൽകിയിരുന്നുവെന്നും ഐ പി എല്ലിൽ പവലിന് അവസരം ലഭിച്ചതിൽ താനടക്കമുള്ളവർ ഇത്രയധികം സന്തോഷിക്കുന്നത് റോവ്മാൻ പവൽ വളർന്നുവന്ന സാഹചര്യങ്ങൾ അറിയുന്നത് കൊണ്ടാണെന്നും ബിഷപ്പ് പറഞ്ഞു.

( Picture Source : IPL )

” ആർക്കെങ്കിലും ഒരു 10 മിനിറ്റ് മാറ്റിവെയ്ക്കാൻ സാധിക്കുമെങ്കിൽ യൂട്യൂബിൽ റോവ്മാൻ പവലിൻ്റെ ജീവിതകഥ കാണുക. പവലിന് ഐ പി എല്ലിൽ അവസരം ലഭിച്ചതിൽ ഞാനുൾപ്പെടെ പലരും സന്തോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ നിന്നാണ് അവൻ വളർന്നുവന്നത്. സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ദാരിദ്ര്യത്തിൽ നിന്നും കുടുംബത്തെ കരകയറ്റുമെന്ന് അവൻ അമ്മയ്ക്ക് വാക്കുകൊടുത്തു. ” ഇയാൻ ബിഷപ്പ് പറഞ്ഞു.

( Picture Source : IPL )

ജമൈക്കയിലെ ഓൾഡ് ഹാർബർ ജില്ലയിൽ ജനിച്ച പവൽ തൻ്റെ അമ്മയ്ക്കും ഇളയ സഹോദരിയ്ക്കുമൊപ്പം ഒരുപാട് കഷ്ടപ്പാടുകൾ നേരിട്ടുകൊണ്ടാണ് വളർന്നുവന്നത്. കരീബിയൻ പ്രീമിയർ ലീഗ് തയ്യാറാക്കിയ ഡോക്യുമെൻ്ററിയിൽ താരത്തിൻ്റെ പ്രചോദനാത്മകമായ കഥ വിവരിക്കുന്നുണ്ട്.

2.80 കോടിയ്ക്കാണ് ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് താരത്തെ സ്വന്തമാക്കിയത്. സീസണിലെ ആദ്യ മത്സരങ്ങളിൽ മികവ് പുറത്തെടുക്കാൻ സാധിക്കാതിരുന്ന താരം രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് താളം കണ്ടെത്തിയത്. അവസാന ഓവറിൽ 36 റൺസ് വേണമെന്നിരിക്കെ തുടർച്ചയായി മൂന്ന് സിക്സ് പറത്തി താരം ഏവരെയും ഞെട്ടിച്ചിരുന്നു. ആ മത്സരത്തിലെ 15 പന്തിൽ 36 റൺസ് നേടി പുറത്തായ താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 16 പന്തിൽ പുറത്താകാതെ 33 റൺസ് നേടി ടീമിനെ വിജയത്തിലെത്തിച്ചിരുന്നു.

( Picture Source : IPL )