Skip to content

അവന് അസൂയ തോന്നിയിരുന്നു , ക്ലാർക്കുമായുള്ള സൗഹൃദത്തിൽ വിള്ളൽ വരുത്തിയത് ഐ പി എല്ലിൽ നിന്നും ലഭിച്ച പണമാണെന്ന് ആൻഡ്രൂ സൈമണ്ട്സ്

മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കുമായുള്ള സൗഹൃദ ബന്ധം ഇല്ലാതായതിനെ കുറിച്ച് മനസ്സുതുറന്ന് മുൻ ഓസീസ് ഓൾ റൗണ്ടർ ആൻഡ്രൂ സൈമണ്ട്സ്. ഒരുപാട് കാലം ഓസ്ട്രേലിയൻ ടീമിന് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള ഇരുവരും വളരെ അടുത്ത ചങ്ങാതിമാരായിരുന്നു. എന്നാൽ സൈമണ്ട്സിൻ്റെ കരിയറിൻ്റെ അവസാനത്തിൽ ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും ചങ്ങാത്തം തന്നെ ഇല്ലാതാവുകയും ചെയ്തു.

( Picture Source : Twitter )

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും തനിക്ക് ലഭിച്ച വലിയ തുകയാണ് സൗഹൃദബന്ധത്തിൽ വിള്ളൽ വരുത്തിയതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സൈമണ്ട്സ്. 2008 ഐ പി എൽ ലേലത്തിൽ 1.35 മില്യൺ യു എസ് ഡോളറിനാണ് ഡെക്കാൻ ചാർജേഴ്സ് സൈമണ്ട്സിനെ സ്വന്തമാക്കിയത്.

” ഞങ്ങൾ വളരെ അടുത്തിരുന്നു, അവൻ ടീമിൽ വരുമ്പോൾ ഞാൻ അവനൊപ്പം ധാരാളം ബാറ്റ് ചെയ്യുമായിരുന്നു. ടീമിൽ അവനെ ഞാൻ നന്നായി പരിപാലിച്ചു. ഞങ്ങൾ തമ്മിൽ ഉറച്ച ചങ്ങാത്തമുണ്ടായി. ”

( Picture Source : Twitter )

” ഐ പി എല്ലിൽ കളിക്കാൻ എനിക്ക് ധാരാളം പണം ലഭിച്ചിരുന്നു. അത് അവനിൽ അസൂയ ഉണ്ടാക്കിയെന്ന് ഒരിക്കൽ മാത്യൂ ഹെയ്ഡൻ പറഞ്ഞു. അത് ഞങ്ങളുടെ ബന്ധത്തെയും ബാധിച്ചു. പണം രസകരമായ കാര്യങ്ങൾ ചെയ്യുന്നു, അത് ഒരു നല്ല കാര്യമാണ്. എന്നാൽ മറ്റൊരു തരത്തിൽ അത് വിഷമാണ്, ഞങ്ങളുടെ ചങ്ങാത്തം ഇല്ലാതാക്കിയത് അതാണ്. അവൻ അന്ന് പറഞ്ഞ കാര്യങ്ങൾ ഞാൻ വെളിപ്പെടുത്തുന്നില്ല. അവനോട് ഇപ്പോഴും എനിക്ക് ബഹുമാനമുണ്ട്. അവനുനായുള്ള സൗഹൃദം ഇനിയില്ല. എനിക്കതിൽ ദുഃഖമുണ്ട്. പക്ഷേ ഞാൻ അവനെതിരെ ഇവിടെ ഇരുന്നുകൊണ്ട് ചെളിവാരിയെറിയാൻ പോകുന്നില്ല. ” ആൻഡ്രൂ സൈമണ്ട്സ് പറഞ്ഞു.

( Picture Source : Twitter )

എന്നാൽ ആൻഡ്രൂ സൈമണ്ട്സിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ക്ലാർക്കിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ആൻഡ്രൂ സൈമണ്ട്സ് തൻ്റെ ലീഡർഷിപ്പിനെ പരസ്യമായി വിമർശിച്ചിരുന്നുവെന്നും എന്നാൽ രാജ്യത്തിന് വേണ്ടിയുള്ള മത്സരത്തിനിടെ മദ്യപിച്ച ഒരാൾക്ക് ആരുടെയും ലീഡർഷിപ്പിനെ വിമർശിക്കാനുള്ള അവകാശവും ഇല്ലെന്ന് തൻ്റെ ആഷസ് ഡയറി എന്ന പുസ്തകത്തിൽ കുറിച്ചിരുന്നു.

( Picture Source : Twitter )