Skip to content

അവനെ ടീമിൽ ഉൾപെടുത്തുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകും, നടരാജൻ്റെ തിരിച്ചുവരവിനെ കുറിച്ച് ഡാനിയൽ വെട്ടോറി

ഐ പി എൽ 2022 ലെ തകർപ്പൻ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുവാൻ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ തമിഴ്നാട് പേസർ ടി നടരാജന് സാധിക്കുമെന്ന് മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ഡാനിയൽ വെട്ടോറി. സീസണിൽ മികച്ച പ്രകടനമാണ് നടരാജൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.

7 മത്സരങ്ങളിൽ നിന്നും ഇതിനോടകം 15 വിക്കറ്റുകൾ നേടിയ നടരാജനാണ് സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള പേസ് ബൗളർ. വിക്കറ്റ് വേട്ടയിൽ 18 വിക്കറ്റ് നേടിയ യുസ്വെന്ദ്ര ചഹാൽ മാത്രമാണ് നടരാജന് മുൻപിലുള്ളത്.

” ഡെത്ത് ഓവറുകളിൽ പന്തെറിയാനുള്ള കഴിവ് നടരാജനുണ്ട്. ഡെത്ത് ഓവറുകളിൽ പന്തെറിയുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് നമ്മൾ കാണുന്നു. ഡെത്ത് ഓവറുകളിൽ സ്ഥിരത പുലർത്താൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ നടരാജന് അത് ചെയ്യാൻ സാധിക്കുമെന്ന് നമുക്കറിയാം. അതവൻ മുൻപ് തെളിയിച്ചിട്ടുള്ളതാണ്. ഒരുപക്ഷേ ആദ്യ ഇലവനിൽ അവൻ വന്നേക്കില്ല. എന്നാൽ പതിനഞ്ചംഗ ടീമിൽ അവനുണ്ടെങ്കിൽ അത് ദ്രാവിഡിനും രോഹിതിനും ടീം സെലക്ഷനിൽ ഒരുപാട് ഓപഷൻ നൽകും. ” വെട്ടോറി പറഞ്ഞു.

” നടരാജൻ ടീമിലേക്ക് മടങ്ങിയെത്തിയതും അവൻ്റെ ഫോമും ഒരിക്കലും കുറച്ചുകാണരുത്. സൺറൈസേഴ്സ് ബൗളിങ് നിരയെ സന്തുലിതമാക്കുവാൻ അവന് സാധിച്ചു. ഏത് സാഹചര്യത്തിലും പന്തെറിയുവാൻ അവന് സാധിക്കും. കൂടാതെ ഡെത്ത് ഓവറുകളിൽ എത്രത്തോളം നന്നായി പന്തെറിയുവാൻ അവന് സാധിക്കുമെന്ന് നമുക്കറിയാം. ” വെട്ടോറി കൂട്ടിചേർത്തു.

കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലൂടെ മൂന്ന് ഫോർമാറ്റിലും നടരാജൻ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ പിന്നീട് പരിക്ക് വില്ലനായതോടെ താരം ടീമിൽ നിന്നും പുറത്താവുകയായിരുന്നു. പരിക്കിനെ തുടർന്ന് കഴിഞ്ഞ ടി20 ലോകകപ്പ് ടീമിലും ഇടംനേടുവാൻ താരത്തിന് സാധിച്ചില്ല.