Skip to content

അടിപൊളി ചേട്ടൻ, സഞ്ജുവിനൊപ്പം മുണ്ടുടുത്ത് തനി മലയാളിയായി ജോസ് ബട്ട്ലർ

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് സഞ്ജുവിൻ്റെ കീഴിൽ രാജസ്ഥാൻ റോയൽസ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. സീസണിൽ 7 മത്സരങ്ങളിൽ നിന്നും 5 വിജയം നേടി പ്ലേയോഫിലേക്ക് കുതിക്കുകയാണ് റോയൽസ്. റോയൽസിൻ്റെ കുതിപ്പിൽ പാതി ക്രെഡിറ്റും അർഹിക്കുന്നത് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോസ് ബട്ട്ലർക്കാണ്.

( Picture Source : IPL )

സീസണിൽ ഇതുവരെ 7 മത്സരങ്ങളിൽ നിന്നും 3 സെഞ്ചുറി ബട്ട്ലർ നേടികഴിഞ്ഞു. ജോസേട്ടനെന്നാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ ബട്ട്ലറെ വിലിക്കാറുള്ളത്, ഇപ്പോഴിതാ സഞ്ജുവിനൊപ്പം മുണ്ടുടുത്ത് തനി മലയാളി സ്റ്റൈലിൽ എത്തിയിരിക്കുകയാണ് ജോസ് ബട്ട്ലർ. സോഷ്യൽ മീഡിയ പേജിലൂടെ രാജസ്ഥാൻ റോയൽസാണ് ഈ ചിത്രം പങ്കുവെച്ചത്.

സീസണിൽ 7 മത്സരങ്ങളിൽ നിന്നും 81.83 ശരാശരിയിൽ 491 റൺസ് ഇതിനോടകം ബട്ട്ലർ നേടിയിട്ടുണ്ട്. ഒട്ടനവധി റെക്കോർഡുകളും ഈ പ്രകടനത്തിലൂടെ ബട്ട്ലർ തകർത്തു.

( Picture Source : IPL )

കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിയോടെ വിരാട് കോഹ്ലിയ്ക്ക് ശേഷം ഒരു സീസണിൽ മൂന്ന് സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി മാറിയ ബട്ട്ലർ ഒരു സീസണിലെ ആദ്യ 7 മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡും സ്വന്തമാക്കി. 2011 സീസണിൽ 436 റൺസ് നേടിയ സാക്ഷാൽ ക്രിസ് ഗെയ്ലിനെയാണ് ബട്ട്ലർ പിന്നിലാക്കിയത്.

32 സിക്സ് ഇതിനോടകം നേടിയ ബട്ട്ലർ ഒരു സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും സ്വന്തമാക്കി. 2020 സീസണിൽ 26 സിക്സ് നേടിയ സഞ്ജു സാംസൻ്റെ റെക്കോർഡാണ് ബട്ട്ലർ തകർത്തത്.

( Picture Source : IPL )

7 മത്സരങ്ങളിൽ നിന്നും 5 വിജയവുമായി നിലവിൽ പോയിൻ്റ് ടേബിളിൽ ഗുജറാത്ത് ടൈറ്റൻസിനും സൺറൈസേഴ്സ് ഹൈദരാബാദിനും പുറകിൽ മൂന്നാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസുള്ളത്. ഏപ്രിൽ 26 ന് നാലാം സ്ഥാനത്തുളള റോയൽ ചലജേഴ്സ് ബാംഗ്ലൂരുമായാണ് സഞ്ജുവിൻ്റെയും കൂട്ടരുടെയും അടുത്ത മത്സരം.

( Picture Source : IPL )