Skip to content

വിക്കറ്റിന് പുറകിൽ അവൻ ധോണിയെ പോലെയാണ്, തകർപ്പൻ പ്രകടനത്തിൽ റിഷഭ് പന്തിനോട് നന്ദി പറഞ്ഞ് കുൽദീപ്

ഈ ഐ പി എൽ സീസണിലെ തൻ്റെ തകർപ്പൻ പ്രകടനത്തിൻ്റെ ക്രെഡിറ്റ് നൽകേണ്ടത് ഡൽഹി ക്യാപിറ്റൽസിൻ്റെ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ റിഷഭ് പന്തിനാണെന്ന് കുൽദീപ് യാദവ്. എം എസ് ധോണി ചെയ്തതുപോലെ വിക്കറ്റിന് പിന്നിൽ തനിക്ക് ശരിയായ നിർദ്ദേശങ്ങൾ പന്ത് നൽകുന്നുണ്ടെന്നും കുൽദീപ് യാദവ് പറഞ്ഞു.

7 മത്സരങ്ങളിൽ നിന്നും 13 വിക്കറ്റ് നേടിയ കുൽദീപ് ഈ സീസണിലെ വിക്കറ്റ് വേട്ടയിൽ ചഹാലിനും നടരാജനും പുറകിൽ മൂന്നാം സ്ഥാനത്താണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ എം എസ് ധോണിയുടെ വിക്കറ്റ് കീപ്പറായിരിക്കെയാണ് ഏറ്റവും മികച്ച പ്രകടനം കുൽദീപ് പുറത്തെടുത്തത്. എന്നാൽ ധോണി വിരമിച്ചതോടെ മികവ് പുറത്തെടുക്കാൻ താരത്തിന് സാധിക്കാതെയാണ്. ഇപ്പോൾ ഈ സീസണിൽ തകർപ്പൻ തിരിച്ചുവരവാണ് താരം നടത്തികൊണ്ടിരിക്കുന്നത്.

” സ്റ്റമ്പിന് പുറകിൽ എം എസ് ധോണിയുടെ സ്വഭാവസവിശേഷതകൾ അവൻ കാണിക്കുന്നതായി എനിക്ക് തോന്നുന്നു. അവൻ ശരിയായ നിർദ്ദേശങ്ങൾ നൽകി എന്നെ നന്നായി നയിക്കുന്നു. മൈതാനത്ത് അവൻ വളരെ ശാന്തനാണ്. സ്പിന്നർമാരുടെ വിജയത്തിൽ വിക്കറ്റ് കീപ്പർമാർക്ക് വലിയ പങ്കുണ്ട്. ഈ ഐ പി എല്ലിലെ എൻ്റെ പ്രകടനത്തിൻ്റെ ക്രെഡിറ്റ് റിഷഭ് പന്തിനും അവകാശപെട്ടതാണ്. ഞങ്ങൾ തമ്മിൽ നല്ല ധാരണയുണ്ട്. ” കുൽദീപ് യാദവ് പറഞ്ഞു.

ഡൽഹി ക്യാപിറ്റൽസിൻ്റെ ഹെഡ് കോച്ചായ റിക്കി പോണ്ടിങും ഒപ്പം സഹപരിശീലകരിൽ ഒരാളായ ഷെയ്ൻ വാട്സനും തന്നെ ഏറെ സഹായിച്ചുവെന്നും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കോൺഫിഡൻസ് ഇരുവരും തനിക്ക് നൽകിയെന്നും കുൽദീപ് പറഞ്ഞു.

” കഴിവ് സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചാൽ പിന്നെ നിങ്ങളുടെ കളി നന്നായി ആസ്വദിക്കുവാൻ കഴിയും. ആദ്യ പരിശീലന സെഷനിൽ റിക്കി പോണ്ടിങുമായി സംസാരിച്ചപ്പോൾ ഞാൻ നന്നായി കളിക്കുന്നുവെന്നും എല്ലാ മത്സരങ്ങളിലും എന്നെ കളിപ്പിക്കാൻ അഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹവുമായുള്ള സംഭാഷണം എന്നെ വളരെയധികം പ്രചോദിപ്പിച്ചു. ”

” ഷെയ്ൻ വാട്സനും എന്നെ ഏറെ സഹായിച്ചു. അദ്ദേഹത്തിനൊപ്പം നാലോളം സെഷനുകളിൽ പ്രവർത്തിക്കാൻ എനിക്ക് സാധിച്ചു. കളിയുടെ മാനസിക വശങ്ങളിൽ അദ്ദേഹം എന്നെ ഏറെ സഹായിച്ചു. ഈ ടീമിൽ ചേരുന്നതിന് മുൻപ് ഞാൻ അനുഭവിച്ച കാര്യങ്ങളെ കുറിച്ച് അദ്ദേഹവുമായി പങ്കുവെച്ചു. ” കുൽദീപ് യാദവ് പറഞ്ഞു.