Skip to content

ലോകകപ്പിൽ ആര് വേണം പന്തോ ദിനേശ് കാർത്തിക്കോ, ഉത്തരം നൽകി മുൻ ഇന്ത്യൻ താരം

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ ദിനേശ് കാർത്തിക് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ ഡി കെ യെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപെടുത്തണമെന്ന് ആരാധകരും ചില മുൻ താരങ്ങളും അഭിപ്രായപെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായം മുന്നോട്ടുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

സീസണിൽ ഇതുവരെ 8 മത്സരങ്ങളിൽ നിന്നും 200 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 210 റൺസ് ദിനേശ് കാർത്തിക് നേടിയിട്ടുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ മാത്രമാണ് താരത്തിന് മികവ് പുലർത്താൻ സാധിക്കാതെ പോയത്.

” ഞാൻ കുറച്ചുകൂടെ പ്രായോഗികമായി കാര്യങ്ങൾ വിലയിരുത്താൻ പോകുന്നു. ഈ ഐ പി എല്ലിൻ്റെ പാതിവഴിയിലാണ് നമ്മളുള്ളത്. ഈ ലീഗ് അവസാനിക്കുന്നത് വരെ അവൻ ഈ ഫോം തുടരുമോയെന്ന് നോക്കാം. ടീമിൽ ഡി കെ വേണമെന്ന് നിങ്ങൾ പറയുമ്പോൾ ഒരാൾ പുറത്തുപോവേണ്ടതുണ്ട്. “

” നിലവിലെ ഇന്ത്യൻ ടീമിലെ താരങ്ങളെ വെച്ചുനോക്കിയാൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഇടം നേടുകയെന്നത് ദുഷ്കരമാണ്. കാരണം 5,6,7 സ്ഥാനങ്ങളിലാണ് ഡി കെ ബാറ്റ് ചെയ്യുന്നത്. ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന ഒരാളല്ല അവൻ. അത് പരിഗണിക്കുന്നില്ലയെങ്കിൽ റിഷഭ് പന്തിനെ മാറ്റിനിർത്തേണ്ടിവരും, അല്ലെങ്കിൽ ഹാർദിക് പാണ്ഡ്യയെ മാറ്റിനിർത്തണം. അതൊരിക്കലും എളുപ്പമല്ല. ” മഞ്ജരേക്കർ പറഞ്ഞു.

” ഹാർദിക് പാണ്ഡ്യയെ ഇന്ത്യയ്ക്ക് ആവശ്യമാണ്. ഇന്ത്യയ്ക്ക് മൂന്ന് പേസർമാരുണ്ട്. മികച്ച ഫോമിലായതിനാൽ ചഹാലായിരിക്കും ഇന്ത്യയുടെ സ്പിന്നർ. ജഡേജയായിരിക്കും ബാക്കപ്പ് സ്പിന്നർ. അതുകൊണ്ട് തന്നെ ഒരു ബാക്കപ്പ് പേസറെ അവർക്ക് ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലും പാണ്ഡ്യയ്ക്ക് പകരക്കാരനാകുവാൻ കാർത്തിക്കിന് സാധിക്കില്ല. ഒരു വിക്കറ്റ് കീപ്പറെയോ ബാറ്റ്സ്മാനെയോ മാറ്റിനിർത്തിയാൽ മാത്രമെ ഡി കെ യ്ക്ക് കളിക്കുവാൻ സാധിക്കൂ. ” മഞ്ജരേക്കർ കൂട്ടിചേർത്തു.