പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് 88 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ 314 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ആതിഥേയരായ പാകിസ്ഥാന് 45.2 ഓവറിൽ 225 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ.
96 പന്തിൽ 103 റൺസ് നേടിയ ഇമാം ഉൾ ഹഖും, 72 പന്തിൽ 57 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമിനും മാത്രമെ പാകിസ്ഥാൻ നിരയിൽ തിളങ്ങാൻ സാധിച്ചുള്ളൂ. ഓസ്ട്രേലിയക്ക് വേണ്ടി ആഡം സാംപ പത്തോവറിൽ 38 റൺസ് വഴങ്ങി നാല് വിക്കറ്റും മിച്ചൽ സ്വെപ്സൺ, ട്രാവിസ് ഹെഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും സിൻ അബോട്, നേതൻ എല്ലിസ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 72 പന്തിൽ 12 ഫോറും 3 സിക്സുമടക്കം 101 റൺസ് നേടിയ ട്രാർവിസ് ഹെഡും 70 പന്തിൽ 55 റൺസ് നേടിയ ബെൻ മക്ഡർമോട്ടുമാണ് മികച്ച സ്കോറിൽ എത്തിച്ചത്. കാമറോൺ ഗ്രീൻ 30 പന്തിൽ 40 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ 1-0 ന് മുൻപിലെത്തി. മാർച്ച് 31 നാണ് പരമ്പരയിലെ രണ്ടാം മത്സരം. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-0 ന് ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു.
