അവനെ വിട്ടുകളയരുത്, ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം, ഉമ്രാൻ മാലിക്കിനെ കുറിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

വീണ്ടും തൻ്റെ വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്ക്. താരത്തിൻ്റെ ഈ പ്രകടനം മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിയിലും മതിപ്പുണ്ടാക്കി. ഉമ്രാൻ മാലിക്കിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാമെന്ന് നിർദ്ദേശിച്ച രവി ശാസ്ത്രി എന്നാൽ താരത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും കൂട്ടിച്ചേർത്തു.

( Picture Source : IPL )

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ ഉമ്രാൻ മാലിക്കിനെതിരെ 2 ഫോറും 2 സിക്സുമടക്കം 21 റൺസ് ബട്ട്ലർ അടിച്ചുകൂട്ടിയിരുന്നു. എന്നാൽ തൊട്ടടുത്ത ഓവറിൽ ബട്ട്ലറെ പുറത്താക്കി താരം ശക്തമായി തിരിച്ചെത്തി. മത്സരത്തിൽ നാലോവറിൽ 39 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് താരം നേടുകയും ചെയ്തു.

( Picture Source : IPL )

” അവന് സ്ഥിരതയുണ്ട്, അവൻ്റെ മനോഭാവം എനിക്ക് ഇഷ്ടപെട്ടു. ഇവന് ഇനിയും പഠിക്കാൻ മാത്രമേ സാധിക്കൂ, മികച്ച പേസ് അവനുണ്ട്, ശരിയായ ഏരിയകളിൽ പന്തെറിയാൻ സാധിച്ചാൽ ഒരുപാട് ബാറ്റ്സ്ന്മാരെ ബുദ്ധിമുട്ടിക്കാൻ സാധിക്കും. എന്നാൽ അവനെ ശരിയായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ശരിയായ നിർദ്ദേശങ്ങൾ അവന് നൽകണം. അവനുമായി ആശയവിനിമയം നടത്തേണ്ട രീതി വളരെ പ്രധാനമാണ്. അവൻ്റെ കഴിവിൽ യാതൊരു സംശയവുമില്ല. നോക്കൂ അവനൊരു ഇന്ത്യൻ കളിക്കാരനാണ്. ” രവി ശാസ്ത്രി പറഞ്ഞു.

( Picture Source : IPL )

” അവൻ എപ്പോഴാണ് തയ്യാറാകുന്നതെന്ന് സമയത്തിന് മാത്രമേ പറയാനാകൂ. പക്ഷേ അവനുമായുള്ള ആശയവിനിമയം വളരെ പ്രധാനമാണ്. അവനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇന്ത്യൻ ടീമിൻ്റെ കൂട്ടത്തിൽ അവനെ ഉൾപെടുത്തണമെന്ന് ഞാൻ കരുതുന്നു. സെലക്ടർമാർ സൂക്ഷ്‌മമായി അവനെ നിരീക്ഷിക്കണം. ഈ കോവിഡ് 19 സമയങ്ങളിൽ അവന് ഇന്ത്യൻ ടീമിൻ്റെ ഭാഗമാകാൻ കഴിയും. ” രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

( Picture Source : IPL )