ഐ പി എൽ പതിനഞ്ചാം സീസണിൽ സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസിന് വിജയതുടക്കം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 61 റൺസിൻ്റെ വമ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. ഈ സീസണിൽ ടോട്ടൽ ഡിഫൻഡ് ചെയ്ത് വിജയിക്കുന്ന ആദ്യ ടീമാണ് രാജസ്ഥാൻ റോയൽസ്.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 211 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. 14 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 40 റൺസ് നേടിയ വാഷിങ്ടൺ സുന്ദറും 41 പന്തിൽ പുറത്താകാതെ 57 റൺസ് നേടിയ ഐയ്ഡൻ മാർക്രവും മാത്രമെ സൺറൈസേഴ്സ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തുള്ളൂ.
രാജസ്ഥാൻ റോയൽസിന് വേണ്ടി യുസ്വെന്ദ്ര ചഹാൽ നാലോവറിൽ മൂന്ന് വിക്കറ്റും പ്രസീദ് കൃഷ്ണ നാലോവറിൽ 16 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ട്രെൻഡ് ബോൾട്ട് 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടിയിരുന്നു. 27 പന്തിൽ 3 ഫോറും 5 സിക്സുമടക്കം 55 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ, 29 പന്തിൽ 41 റൺസ് നേടിയ ദേവ്ദത് പടിക്കൽ, 13 പന്തിൽ 32 റൺസ് നേടിയ ഹെറ്റ്മയർ, 28 പന്തിൽ 35 റൺസ് നേടിയ ജോസ് ബട്ട്ലർ എന്നിവരാണ് രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

സൺറൈസേഴ്സ് ഹൈദാബാദിന് വേണ്ടി ഉമ്രാൻ മാലിക്ക്, ടി നടരാജൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഭുവനേശ്വർ കുമാർ, റൊമാറിയോ ഷെപ്പേർഡ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി. ഏപ്രിൽ രണ്ടിന് മുംബൈ ഇന്ത്യൻസിനെതിരെയാണ് റോയൽസിൻ്റെ അടുത്ത മത്സരം. ഏപ്രിൽ നാലിന് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ അടുത്ത മത്സരം.
