Skip to content

ചരിത്രനേട്ടം കുറിച്ച് സ്റ്റീവ് സ്മിത്ത്, പിന്നിലാക്കിയത് സാക്ഷാൽ സച്ചിനും സംഗക്കാരയും ദ്രാവിഡും അടക്കമുള്ള ഇതിഹാസങ്ങളെ

ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരായ ലാഹോർ ടെസ്റ്റിലെ നാലാം ദിനത്തിൽ 7 റൺസ് പിന്നിട്ടതോടെയാണ് ഈ നാഴികക്കല്ല് സ്മിത്ത് പിന്നിട്ടത്.

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടവും സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര, സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ, ഗാർഫീൽഡ് സോബേഴ്സ്, രാഹുൽ ദ്രാവിഡ് അടക്കമുള്ള ഇതിഹാസങ്ങളെയാണ് സ്റ്റീവ് സ്മിത്ത് പിന്നിലാക്കിയത്.

വെറും 151 ഇന്നിങ്സിൽ നിന്നാണ് സ്റ്റീവ് സ്മിത്ത് 8000 റൺസ് പൂർത്തിയാക്കിയത്. ഇതോടെ 152 ഇന്നിങ്സിൽ നിന്നുമാണ് സംഗക്കാര 8000 റൺസ് പൂർത്തിയാക്കിയത്.

സച്ചിൻ ടെണ്ടുൽക്കറാകട്ടെ 154 ഇന്നിങ്സുകളിൽ നിന്നാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. വെസ്റ്റിൻഡീസ് ഇതിഹാസം ഗാരി സോബർസിന് 8000 റൺസ് നേടുവാൻ 157 ഇന്നിങ്സുകൾ വേണ്ടിവന്നപ്പോൾ രാഹുൽ ദ്രാവിഡ് 158 ഇന്നിങ്സിൽ നിന്നും വീരേന്ദർ സെവാഗ് 160 ഇന്നിംഗ്സിൽ നിന്നുമാണ് ടെസ്റ്റിൽ 8000 റൺസ് പൂർത്തിയാക്കിയത്.

60 ന് മുകളിൽ ശരാശരിയിൽ 8000 റൺസ് നേടിയ ഒരേയൊരു ബാറ്റ്സ്മാൻ കൂടിയാണ് സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റ് 8000 റൺസ് നേടുന്ന 33 ആം ബാറ്റ്സ്മാനും ഏഴാമത്തെ ഓസ്ട്രേലിയൻ ബാറ്റ്സ്മാനുമാണ് സ്റ്റീവ് സ്മിത്ത്. റിക്കി പോണ്ടിങ്, അലൻ ബോർഡർ, സ്റ്റീവ് വോ, മൈക്കൽ ക്ലാർക്ക്, മാത്യൂ ഹെയ്ഡൻ, മാർക്ക് വോ എന്നിവരാണ് സ്റ്റീവ് സ്മിത്തിന് മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.