Skip to content

അന്ന് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലിയ്ക്ക് കൈമാറിയത് പോലെയാണിത്, എം എസ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ കുറിച്ച് ടീം

ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണി നൽകിയത് ടീമിൻ്റെ സുഗുമമായ മാറ്റം ആഗ്രഹിച്ചുകൊണ്ടാണെന്ന് ടീം സി ഇ ഒ കാശി വിശ്വനാഥൻ. വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ധോണി വിരാട് കോഹ്ലിയ്ക്ക് കൈമാറിയത് ഇതുപോലെയാണെന്നും വിശ്വനാഥൻ പറഞ്ഞു.

” എം എസ് ധോണി ഇതിനെകുറിച്ച് മുൻപേ ചിന്തിച്ചിരുന്നു. ജഡേജയ്ക്ക് ക്യാപ്റ്റൻസി കൈമാറാനുള്ള ശരിയായ സമയം ഇതാണെന്ന് അദ്ദേഹത്തിന് തോന്നി. ജഡേജ അവൻ്റെ ഏറ്റവും മികച്ച ഫോമിലാണെന്നും ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കാനുള്ള ഏറ്റവും മികച്ച സമയവും ഇതാണെന്ന് ധോണി മനസ്സിലാക്കി. ”

” ജഡേജയുമായി നേരത്തേ സംസാരിച്ചിരുന്നു. കഴിഞ്ഞ വർഷവും ഈ നിർദേശം മുൻപിലുണ്ടായിരുന്നു. എം എസ് ധോണിയ്ക്ക് പിൻഗാമിയാകാൻ ഏറ്റവും അനുയോജ്യനായ താരം ജഡേജയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് വിരാടിന് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം അദ്ദേഹം കൈമാറിയതിന് സമാനമാണിത്. ടീമിലെ മാറ്റം സുഗമമായിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ” സി എസ് കെ സി ഇ ഒ പറഞ്ഞു.

” ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തുവാൻ ജഡേജയ്ക്ക് സാധിക്കും. അവൻ ഒരു മികച്ച ഓൾ റൗണ്ടറാണ്. തൻ്റെ കഴിവിൻ്റെ ജഡേജ പുറത്തെടുക്കുന്നു. എം എസ് ധോണിയുടെ നിർദ്ദേശങ്ങളോടെ ടീമിനെ മുന്നോട്ട് നയിക്കാൻ ജഡേജയ്ക്ക് സാധിക്കും. ” വിശ്വനാഥൻ കൂട്ടിച്ചേർത്തു.

മാർച്ച് 26 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തോടെയാണ് ഐ പി എൽ 2022 സീസൺ ആരംഭിക്കുന്നത്. വിസ ലഭിക്കാത്തതിനാൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയിൻ അലിയുടെ അഭാവത്തിലായിരിക്കും ചെന്നൈ സൂപ്പർ കിങ്സ് കളിക്കുക. ചെന്നൈ സൂപ്പർ കിങ്സിനെ പോലെ പുതിയ നായകൻ്റെ കീഴിലാണ് ഇക്കുറി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും. ശ്രേയസ് അയ്യരാണ് ഇക്കുറി ടീമിനെ നയിക്കുന്നത്.