Skip to content

ഡിആർഎസ് എടുക്കണോ?! സ്മിത്തിന്റെ തോളിൽ കയ്യിട്ട് റിസ്‌വാന്റെ ചർച്ച ; ക്രിക്കറ്റ് ആരാധകരിൽ ചിരിപ്പടർത്തിയ വീഡിയോ കാണാം

പാകിസ്ഥാൻനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ആദ്യ ദിനം അവസാനിച്ചപ്പോൾ 3 വിക്കറ്റ് നഷ്ട്ടത്തിൽ 251 റൺസ് നേടിയിട്ടുണ്ട്. സെഞ്ചുറിയുമായി (127*) ഖവജയും പൂജ്യം റൺസിൽ ലിയോണുമാണ് ക്രീസിൽ. ആദ്യ ദിനം അവസാനിക്കാൻ 1 ഓവർ ശേഷിക്കെ സ്റ്റീവ് സ്മിത്ത് പുറത്താവുകയായിരുന്നു. 72 റൺസ് നേടിയ സ്മിത്ത് ഹസൻ അലിക്ക് വിക്കറ്റ് നൽകി മടങ്ങി. ലെബുഷെയ്നും (0), വാർണറുമാണ് (36) മറ്റ് പുറത്തായ താരങ്ങൾ.

നേരിട്ട ഒമ്പതാം പന്തിൽ ലെബുഷെയ്ൻ റൺ ഔട്ടിലൂടെ പുറത്താവുകയായിരുന്നു. ഓപ്പണർ വാർണർ അഷ്‌റഫിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. റാവൽപിണ്ടിയിലെ  പോലെ തന്നെ ഈ പിച്ചും ബാറ്റിങ് അനുകൂലമായതിനാൽ ആരാധകരെ ആവേശത്തിലാക്കുന്ന ബാറ്റർ – ബൗളർ പോര് ഉണ്ടായിരുന്നില്ല.

വിരസമായ മാച്ചിനിടയിലും പാകിസ്ഥാൻ താരങ്ങളുടെ തമാശ ഇടയ്ക്കിടെ ആരാധകരിൽ  ചിരിപ്പടർത്തിയിരുന്നു. ഇതിലൊന്നായിരുന്നു സ്റ്റീവ് സ്മിത്തിന്റെ എൽബിഡബ്ല്യൂ അപ്പീലുമായി ബന്ധപ്പെട്ട സംഭവം. 71ആം ഓവറിലെ മൂന്നാം പന്തിൽ സ്റ്റീവ് സ്മിത്തിനെതിരെ പാകിസ്ഥാൻ താരങ്ങൾ എൽബിഡബ്ല്യൂവിനായി അപ്പീൽ ചെയ്‌തെങ്കിലും അമ്പയർ നിരസിച്ചു.

പിന്നാലെ ഡിആർഎസ് നൽകണോയെന്ന എന്ന ചർച്ചയിലായി പാക് താരങ്ങൾ. ചർച്ചയ്ക്കായി ബൗളർ നൗമാൻ വിക്കറ്റ് കീപ്പർ റിസ്വാന്റെ അരികിലെത്തി. ഇതിനിടെ വിക്കറ്റിന് പിറകിൽ നിന്ന് മുന്നോട്ട് വന്ന റിസ്വാൻ സ്റ്റീവ് സ്മിത്തിന്റെ തോളിൽ കയ്യിട്ട് ചർച്ച തുടരുകയായിരുന്നു. ഇതോടെ സ്റ്റീവ് സ്മിത്ത് ചിരിയോടെ വാക്കുകൾ കൈമാറി. ഏതായാലും ഡിആർഎസ് വേണ്ടെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു പാക് താരങ്ങൾ.