Skip to content

കാത്തിരിപ്പിനൊടുവിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ആർ സീ ബി, ഇനി ഫാഫ് നയിക്കും

നീണ്ട കാത്തിരിപ്പിനൊടുവിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ബാംഗ്ലൂരിൽ നടന്ന ആർ സീ അൺമ്പോക്സ് എന്ന പരിപാടിയിലാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകനെ ആർ സീ ബി ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ എട്ട് സീസണുകളിലും വിരാട് കോഹ്ലിയാണ് ടീമിനെ നയിച്ചിരുന്നത്.

കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ഫാഫ് ഡു പ്ലെസിസ് കാഴ്ച്ചവെച്ചത്. 16 മത്സരങ്ങളിൽ നിന്നും 6 ഫിഫ്റ്റിയടക്കം 633 റൺസ് ഫാഫ് ഡുപ്ലെസിസ് നേടിയിരുന്നു.

ബാംഗ്ലൂരിൻ്റെ ഏഴാമത്തെ ക്യാപ്റ്റനാണ് ഫാഫ് ഡുപ്ലെസിസ്. രാഹുൽ ദ്രാവിഡ്, കെവിൻ പീറ്റേഴ്സൺ, അനിൽ കുംബ്ലെ, ഡാനിയേൽ വെട്ടോറി, വിരാട് കോഹ്ലി, ഷെയ്ൻ വാട്സൻ എന്നിവരാണ് ഇതിനുമുൻപ് ടീമിനെ നയിച്ചിട്ടുള്ളത്. ഇവരിൽ വിരാട് കോഹ്ലിയാണ് ടീമിനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിച്ചിട്ടുള്ളത്. എട്ട് സീസണുകളിൽ 140 മത്സരങ്ങളിൽ ആർ സി ബിയെ നയിച്ച കോഹ്ലി 64 മത്സരങ്ങളിൽ ടീമിനെ വിജയപ്പിച്ചിട്ടുണ്ട്. 69 മത്സരങ്ങളിൽ കോഹ്ലിയുടെ കീഴിൽ ടീം പരാജയപെട്ടു.

ഇതാദ്യമായാണ് ഐ പി എല്ലിൽ ഫാഫ് ഡുപ്ലെസിസ് ക്യാപ്റ്റനാകുന്നത്. ഇതിനു മുൻപ് ദക്ഷിണാഫ്രിക്കയെയും മറ്റു ചില ടീമുകളെയും ടി20 ഫോർമാറ്റിൽ ഫാഫ് നയിച്ചിട്ടുണ്ട്. ഈ ഫോർമാറ്റിൽ 79 മത്സരങ്ങളിൽ ക്യാപ്റ്റനായിട്ടുള്ള ഫാഫ് 43 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്.

ഐ പി എല്ലിൽ ധോണിയ്ക്കൊപ്പമാണ് എല്ലാ സീസണിലും ഇതിനുമുൻപ് ഡുപ്ലെസിസ് കളിച്ചിട്ടുള്ളത്. 2011 ൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ ഫാഫ് 2015 വരെ ടീമിനൊപ്പം തുടർന്നു. പിന്നീട് രണ്ട് വർഷത്തെ വിലക്കിനിടെ ധോണിയ്ക്കൊപ്പം രണ്ട് സീസണിൽ റൈസിങ് പുണെ സൂപ്പർജയൻ്റ്സിന് വെണ്ടി ഫാഫ് കളിച്ചു. തുടർന്ന് ടീം 2018 ൽ തിരിച്ചെത്തിയപ്പോൾ ഫാഫ് ഡുപ്ലെസിസും ടീമിൽ തിരിച്ചെത്തി.