Skip to content

സെഞ്ചുറി നേടി സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഐസിസി വുമൺസ് ലോകകപ്പിലെ മൂന്നാം മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 155 റൺസിൻ്റെ തകർപ്പൻ വിജയം. കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനോട് പരാജയപെട്ട ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 318 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 162 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്മായി.

( Picture Source : Twitter / BCCI )

മികച്ച തുടക്കമാണ് വെസ്റ്റിൻഡീസിന് ലഭിച്ചത്. 12 ഓവറിനുള്ളിൽ വെസ്റ്റിൻഡീസ് സ്കോർ 100 കടന്നിരുന്നു. എന്നാൽ 46 പന്തിൽ 62 റൺസ് നേടിയ ഓപ്പണർ ഡിയാൻഡ്ര ഡോട്ടിൻ പുറത്തായതോടെ വെസ്റ്റിൻഡീസിൻ്റെ തകർച്ച ആരംഭിച്ചു. ഇന്ത്യയ്ക്ക് വേണ്ടി സ്നേ റാണ മൂന്ന് വിക്കറ്റും മേഘ്ന രാജ് രണ്ട് വിക്കറ്റും ജുലൻ ഗോസ്വാമി, രാജേശ്വരി ഗയ്ഗ്വാദ്, പൂജ വസ്ത്രകർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter / BCCI )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയുടെയും ഹർമൻപ്രീത് കൗറിൻ്റെയും മികവിലാണ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് നേടിയത്. സ്മൃതി മന്ദാന 119 പന്തിൽ 13 ഫോറും 2 സിക്സുമടക്കം 123 റൺസ് നേടിയപ്പോൾ ഹർമൻപ്രീത് കൗർ 107 പന്തിൽ 10 ഫോറും 2 സിക്സുമടക്കം 109 റൺസ് നേടി. നാലാം വിക്കറ്റിൽ 184 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു.

( Picture Source : Twitter / BCCI )

ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. നേരത്തേ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ 107 റൺസിന് ഇന്ത്യ പരാജയപെടുത്തിയിരുന്നു. മാർച്ച് 16 ന് നിലവിലെ ചമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

( Picture Source : Twitter / BCCI )