Skip to content

ദയനീയ പുറത്താകൽ, നോ ബോളിൽ റണ്ണൗട്ടായി മായങ്ക് അഗർവാൾ, വീഡിയോ കാണാം

സ്വന്തം നാട്ടിലെ തൻ്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ദയനീയമായി പുറത്തായി ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ. ടെസ്റ്റ് ക്രിക്കറ്റിൽ റണ്ണൗട്ടാകുന്നത് വലിയ പിഴവായി കണക്കാക്കുമ്പോൾ നോ ബോളിലായിരുന്നു ബാംഗളൂരിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ മായങ്ക് അഗർവാൾ പുറത്തായത്.

മത്സരത്തിലെ രണ്ടാം ഓവറിലെ നാലാം പന്തിലായിരുന്നു മായങ്ക് അഗർവാളിൻ്റെ ദാരുണമായ പുറത്താകൽ. ഫെർണാണ്ടോ എറിഞ്ഞ നാലാം പന്ത് മായങ്ക് അഗർവാളിൻ്റെ പാഡിൽ തട്ടുകയും ശ്രീലങ്കൻ താരങ്ങൾ LBW നായി അപ്പീൽ ചെയ്യുകയും ചെയ്തു. എന്നാൽ അമ്പയർ അനിൽ ചൗധരി വിക്കറ്റ് നൽകിയില്ല. പിന്നാലേ പാഡിൽ തട്ടിയ പന്ത് കവറിലേക്ക് പോകുന്നത് കണ്ട മായങ്ക് അഗർവാൾ റണ്ണിനായി ഓടുകയും എന്നാൽ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മ തിരിച്ചയക്കുകയും ചെയ്തു. എന്നാൽ അഗർവാൾ ക്രിസിലേക്ക് എത്തുന്നതിനും മുൻപേ പോയിൻ്റിൽ നിന്നും ഓടിയടുത്ത ശ്രീലങ്കൻ ഫീൽഡർ പന്ത് വിക്കറ്റ് കീപ്പർക്ക് നൽകിയിരുന്നു.

എന്നാൽ മായങ്ക് അഗർവാളിനെ റണ്ണൗട്ടാക്കുന്നതിനും മുൻപേ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ LBW റിവ്യൂ ചെയ്തിരുന്നു. അതിനിടെയാണ് പന്ത് നോ ബോൾ ആയിരുന്നുവെന്ന് തേർഡ് അമ്പയർ വിധിയെഴുതിയത്. ഇത് കളികളത്തിൽ ആശയകുഴപ്പത്തിന് കരണമാകുകയും ചെയ്തു. എന്നാൽ ഓൺ ഫീൽഡ് അമ്പയർ Lbw അപ്പീലിന് യാതൊരു പ്രതികരണവും നൽകാത്തതിനാൽ റണ്ണൗട്ട് ലീഗലായി കണക്കാക്കുകയും മായങ്ക് അഗർവാൾ പുറത്താവുകയും ചെയ്തു.

വിഡിയോ ;

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ വമ്പൻ വിജയം നേടിയ ഇന്ത്യ ഒരേയൊരു മാറ്റം മാത്രമാണ് മത്സരത്തിൽ വരുത്തിയിരുക്കുന്നത്. ജയന്ത് യാദവിന് പകരക്കാരനായി അക്ഷർ പട്ടേലിനെ ഇന്ത്യ ടീമിൽ ഉൾപെടുത്തി.