Skip to content

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം

ബംഗളൂരുവിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ കപിൽ ദേവിനെ പിന്നിലാക്കിയത് താരത്തിന് ഈ മത്സരത്തിൽ നാല് വിക്കറ്റ് നേടാൻ സാധിച്ചാൽ മറ്റൊരു സൂപ്പർതാരത്തെയും പിന്നിലാക്കാം.

( Picture Source : BCCI )

മൊഹാലിയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 6 വിക്കറ്റുകൾ നേടിയ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ രംഗണ ഹെരാത്ത്, കപിൽ ദേവ് എന്നിവരെ പിന്നിലാക്കി ഒമ്പതാം സ്ഥാനത്തെത്തിയിരുന്നു.

( Picture Source : BCCI )

ബാംഗ്ലൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ നാല് വിക്കറ്റ് കൂടെ നേടാൻ സാധിച്ചാൽ മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്നെ പിന്നിലാക്കി വിക്കറ്റ് വേട്ടയിൽ എട്ടാം സ്ഥാനത്തെത്താൻ അശ്വിന് സാധിക്കും. ടെസ്റ്റ് ക്രിക്കറ്റിൽ 93 മത്സരങ്ങളിൽ നിന്നും 439 വിക്കറ്റാണ് ഡെയ്ൽ സ്റ്റെയ്ൻ നേടിയിട്ടുള്ളത്. 85 മത്സരങ്ങളിൽ 436 വിക്കറ്റ് നേടി തൊട്ടുപുറകിലാണ് അശ്വിനുള്ളത്.

( Picture Source : BCCI )

രവിചന്ദ്രൻ അശ്വിൻ്റെ 250 ആം അന്താരാഷ്ട്ര മത്സരം കൂടിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിൽ നിന്നുമായി 648 വിക്കറ്റ് അശ്വിൻ നേടിയിട്ടുണ്ട്. അനിൽ കുംബ്ലെ, ഹർഭജൻ സിങ്, കപിൽ ദേവ് എന്നിവർക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ കൂടിയാണ് അശ്വിൻ.

( Picture Source : BCCI )