ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസിലേക്ക്, ഡുപ്ലെസിസ് ചെന്നൈയിൽ നിന്നും ആർ സി ബിയിലേക്ക്

ഐ പി എൽ താരലേലത്തിൽ ഡേവിസ് വാർണറെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ശിഖാർ ധവാനെ കൈവിട്ട ഡൽഹി 6.25 കോടിയ്ക്കാണ് ഡേവിഡ് വാർണറെ ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിൻ്റൻ ഡീകോക്കിനെ 6.75 കോടിയ്ക്ക് ലഖ്നൗ സ്വന്തമാക്കിയപ്പോൾ ശിഖാർ ധവാനെ 8.25 കോടിയ്ക്ക് പഞ്ചാബ് കിങ്സും ഫാഫ് ഡുപ്ലെസിസിനെ 7 കോടിയ്ക്ക് ആർ സി ബി സ്വന്തമാക്കി.

രവിചന്ദ്രൻ അശ്വിനെ 5 കോടിയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ 7.25 കോടിയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തിരികെ ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡയെ 9.25 കോടിയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയപ്പോൾ ന്യൂസിലൻഡ് പേസർ ട്രെൻഡ് ബോൾട്ടിനെ 8 കോടിയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയെ 6.25 കോടിയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി.

ഐ പി എല്ലിൽ ഡൽഹി ഫ്രാഞ്ചൈസിയിൽ അരങ്ങേറ്റം കുറിച്ച ഡേവിഡ് വാർണർ 2014 സീസണോടെയാണ് സൺറൈസേഴ്‌സ് ഹൈദാബാദിലെത്തിയത്. ആ സീസണിലെ തകർപ്പൻ പ്രകടനത്തോടെ തൊട്ടടുത്ത സീസണിൽ ഡേവിഡ് വാർണറിനെ സൺറൈസേഴ്‌സ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. തുടർന്ന് 2016 ൽ വാർണറിൻ്റെ കീഴിലായിരുന്നു സൺറൈസേഴ്‌സ് ഐ പി എൽ കിരീടം നേടിയത്. ആ സീസണിൽ 17 മത്സരങ്ങളിൽ നിന്നും 60.57 ശരാശരിയിൽ 848 റൺസ് വാർണർ നേടിയിരുന്നു.

കഴിഞ്ഞ വർഷത്തെ സീസണിലൊഴികെ സൺറൈസേഴ്‌സിന് വേണ്ടി കളിച്ച എല്ലാ സീസണിലും വാർണർ 500 ലധികം റൺസ് നേടിയിരുന്നു.
കഴിഞ്ഞ സീസണിൽ 8 മത്സരങ്ങളിൽ നിന്നും 195 റൺസ് മാത്രമാണ് വാർണർ നേടിയത്. ടീം മാനേജമെൻ്റുമായി ഉണ്ടായ തർക്കങ്ങളെ തുടർന്ന് ക്യാപ്റ്റൻ സ്ഥനത്തുനിന്നും വാർണറെ സൺറൈസേഴ്‌സ് ഒഴിവാക്കിയിരുന്നു. വാർണറെ ഒഴിവാക്കിയതിന് പുറകെ ആരാധകർ ടീം മാനേജമെൻ്റിനെതിരെ രംഗത്തെത്തിയിരുന്നു.


ഐ പി എല്ലിന് ശേഷം നടന്ന ഐസിസി ടി20 ലോകകപ്പിൽ വമ്പൻ തിരിച്ചുവരവാണ് വാർണർ നടത്തിയത്. 7 മത്സരങ്ങളിൽ നിന്നും 289 റൺസ് നേടിയ വാർണർ ഓസ്ട്രേലിയയെ ജേതാക്കളാക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു. ടൂർണമെൻ്റിലെ ഏറ്റവും മികച്ച പ്ലേയറായും വാർണർ തിരഞ്ഞെടുക്കപെട്ടു.
ഐ പി എല്ലിൽ 150 മത്സരങ്ങളിൽ നിന്നും 41.59 ശരാശരിയിൽ 4 സെഞ്ചുറിയും 50 ഫിഫ്റ്റിയുമടക്കം 5449 റൺസ് വാർണർ നേടിയിട്ടുണ്ട്.