ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിൽ തുടരും, ഇന്ത്യൻ യുവതാരത്തെ വമ്പൻ തുകയ്ക്ക് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ ടീമിൽ തിരിച്ചെത്തിച്ച് മുംബൈ ഇന്ത്യൻസ്. 15.25 കോടിയ്ക്കാണ് ഇഷാൻ കിഷനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മെഗാ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ആദ്യ പ്ലേയർ കൂടെയാണ് ഇഷാൻ കിഷൻ. കൂടാതെ ഐ പി എൽ ലേല ചരിത്രത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുന്ന ഏറ്റവും വിലയേറിയ താരമായും ഇഷാൻ കിഷൻ മാറി.

താരലേലത്തിന് മുൻപേ ഏറ്റവും വിലയേറിയ താരം ഇഷാൻ കിഷനാകുമെന്ന് മുൻ താരങ്ങൾ അടക്കമുള്ളവർ പ്രവചിച്ചിരുന്നു. പ്രതീക്ഷിച്ചത് പോലെ വമ്പൻ പോരാട്ടമാണ് ഇഷാൻ കിഷന് വേണ്ടി ടീമുകൾ തമ്മിൽ നടന്നത്. മുംബൈ ഇന്ത്യൻസിനൊപ്പം പഞ്ചാബ് കിങ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് ഇഷാൻ കിഷന് വേണ്ടി രംഗത്തുണ്ടായിരുന്നത്.

ഇഷാൻ കിഷനടക്കം നാല് താരങ്ങളെ മാത്രമാണ് ലേലത്തിലെ ആദ്യ ദിനത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബേബി എബിയെന്ന് വിളിപ്പേരുള്ള ദക്ഷിണാഫ്രിക്കൻ താരം ഡിവാൾഡ് ബ്രവിസിനെയാണ് മുംബൈ ഇന്ത്യൻസ് ഇഷാൻ കിഷന് ശേഷം സ്വന്തമാക്കിയത്. 3 കോടിയ്ക്കാണ് ഈ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാനെ മുംബൈ ടീമിലെത്തിച്ചത്.
തുടർന്ന് മലയാളി താരം ബസിൽ തമ്പിയെ 30 ലക്ഷത്തിനും സ്പിന്നർ മുരുഗൻ അശ്വിനെ 1.60 കോടിയ്ക്കും മുംബൈ ടീമിലെത്തിച്ചു.
ക്യാപ്റ്റൻ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ് എന്നിവരുൾപ്പടെ നാല് താരങ്ങളെയാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തിയിരുന്നത്.

2018 ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് ഇഷാൻ കിഷൻ ഐ പി എല്ലിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ സീസണിൽ മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത് മികവ് പുലർത്തിയ താരം 2020 സീസണിലാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. മുംബൈ ഇന്ത്യൻസ് തങ്ങളുടെ അഞ്ചാം കിരീടം നേടിയ ആ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 57.33 ശരാശരിയിൽ 516 റൺസ് ഇഷാൻ കിഷൻ നേടിയിരുന്നു.
ഐ പി എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 28.47 ശരാശരിയിൽ 135 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 1452 റൺസ് നേടിയിട്ടുണ്ട്.