Skip to content

മെഗാതാരലേലം ; ശ്രേയസ് അയ്യരിനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഐ പി എൽ മെഗാതാരലേലത്തിൽ മുൻ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയസ് അയ്യരെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആവേശകരമായ ലേലം വിളിയ്ക്ക് ശേഷമാണ് 12.25 കോടിയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.

ശിഖാർ ധവാനെ 8.25 കോടിയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയപ്പോൾ രവിചന്ദ്രൻ അശ്വിനെ 5 കോടിയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ 7.25 കോടിയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തിരികെ ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡയെ 9.25 കോടിയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയപ്പോൾ ന്യൂസിലൻഡ് പേസർ ട്രെൻഡ് ബോൾട്ടിനെ 8 കോടിയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

2020 സീസൺ വരെ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർക്ക് കഴിഞ്ഞ സീസണോടെയാണ് ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടത്. സീസണിന് മുൻപായി അയ്യർക്ക് പരിക്ക് പറ്റിയതോടെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ടീം ക്യാപ്റ്റനാക്കുകയായിരുന്നു. തുടർന്ന് കോവിഡ് പ്രതിസന്ധി മൂലം ഐ പി എൽ മാറ്റിവെച്ചതിന് ശേഷം പരിക്ക് ഭേദമായി ശ്രേയസ് അയ്യർ തിരിച്ചെത്തിയെങ്കിലും ടീം മാനേജ്മെൻ്റ് പന്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റിയില്ല.

മെഗാ താരലേലത്തിന് മുൻപായി അയ്യരിനെ നിലനിർത്താൻ ടീം ഒരുക്കമായിരുന്നുവെങ്കിലും ക്യാപ്റ്റൻ സ്ഥാനാം ലഭിക്കാത്തതിനാൽ താരം ടീം വിടുകയായിരുന്നു.
ഐ പി എല്ലിൽ 87 മത്സരങ്ങൾ കളിച്ചിട്ടുള്ള ശ്രേയസ് അയ്യർ 31.66 ശരാശരിയിൽ 16 ഫിഫ്റ്റി ഉൾപ്പടെ 2375 റൺസ് നേടിയിട്ടുണ്ട്.
അയ്യരിന് കീഴിൽ 2019 ൽ പ്ലേയോഫിലും തൊട്ടടുത്ത സീസണിൽ ഫൈനലിലും ഡൽഹി പ്രവേശിച്ചിരുന്നു.