Skip to content

മത്സരത്തിനിടെ അസഭ്യം പറഞ്ഞ് കോഹ്ലി ; സ്റ്റംപ് മൈക്ക് ചൂണ്ടിക്കാട്ടി റിഷഭ് പന്തിന്റെ ഓർമപ്പെടുത്തൽ – വീഡിയോ

കോവിഡ് മൂലം  വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന സീരീസ് കാണികൾ ഇല്ലാതെയാണ് നടത്തിയത്. അതിനാൽ തന്നെ കാണികളുടെ ആരവങ്ങൾ ഇല്ലാതെ ഗ്രൗണ്ടിൽ താരങ്ങൾ സംസാരിക്കുന്നത് വ്യക്തമായി തത്സമയ സംപ്രേഷണത്തിലൂടെ കേൾക്കാൻ സാധിക്കും. ക്രിക്കറ്റ് താരങ്ങളുടെ സ്ലെഡ്ജിങും അസഭ്യ പറച്ചിലും ഇപ്പോൾ സ്റ്റംപ് മൈക്കിൾ കുടുങ്ങുന്നത് പതിവ് കാഴ്ച്ചയായി മാറിയിരിക്കുന്നു.

ഇന്നലെ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ കോഹ്ലിയുടെ അസഭ്യവും സ്റ്റംപ് മൈക്കിൾ കുടുങ്ങിയിരുന്നു.
ഇന്ത്യ മുന്നോട്ട് വെച്ച 266 വിജയലക്ഷ്യത്തിന് മറുപടി ബാറ്റിങ് വെസ്റ്റ് ഇൻഡീസ് ചെയ്യുന്നതിനിടെയാണ് ഈ സംഭവം. 17ആം ഓവറിൽ വെസ്റ്റ് ഇൻഡീസിന്റെ ആറാം വിക്കറ്റും നഷ്ട്ടമായി അൽസാരി ജോസഫ് ബാറ്റ് ചെയ്യാൻ ക്രീസിലെത്തിയ സമയത്താണ് കോഹ്ലി അസഭ്യം പറയുന്നത് സ്റ്റംപ് മൈക്കിൽ കുടുങ്ങിയത്.

ഇത് ആരോടാണെന്നത് വ്യക്തമല്ല. ഇതിനിടെ കോഹ്ലിയോട് സ്റ്റംപ് മൈക്കിൽ ഇതൊക്കെ പതിയുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച് ആംഗ്യവുമായി എത്തുന്ന റിഷഭ് പന്തിനെ വീഡിയോയിൽ കാണാം. രണ്ടാം ഏകദിനത്തിൽ ചാഹലിനെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഫീൽഡിങ്ങിനിടെ വഴക്ക് പറയുന്ന വീഡിയോയും സമാന രീതിയിൽ പുറത്തുവന്നിരുന്നു.

അതേസമയം മൂന്നാം ഏകദിനത്തിലും ജയം സ്വന്തമാക്കി ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര തൂത്തുവാരിയിരിക്കുകയാണ്. മൂന്നാം മത്സരത്തിൽ  96 റൺസിൻ്റെ അനായാസ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 266 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 37.1 ഓവറിൽ 169 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

266 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് വേണ്ടി 18 പന്തിൽ 36 റൺസ് നേടിയ ഒഡിയൻ സ്മിത്തും 34 റൺസ് നേടിയ ക്യാപ്റ്റൻ നിക്കോളാസ് പൂരനും മാത്രമേ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജും പ്രസീദ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതവും ദീപക് ചഹാർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിൻ്റെയും അർധസെഞ്ചുറി മികവിലാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോർ നേടിയത്. ഒരു ഘട്ടത്തിൽ 43 റൺസിന് മൂന്ന് വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടപെട്ടിരുന്നു. നാലാം വിക്കറ്റിൽ 110 റൺസ് അയ്യരും പന്തും കൂട്ടിച്ചേർത്തു. റിഷഭ് പന്ത് 54 പന്തിൽ 56 റൺസ് നേടി പുറത്തായപ്പോൾ ശ്രേയസ് അയ്യർ 111 പന്തിൽ 80 റൺസ് നേടി പുറത്തായി.