Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി വിരാട് കോഹ്ലി, നേട്ടമുണ്ടാക്കി ജസ്പ്രീത് ബുംറയും

ഐസിസി ടെസ്റ്റ് റാങ്കിങിൽ ബാബർ അസമിനെ പിന്നിലാക്കി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെയാണ് ടെസ്റ്റ് റാങ്കിങിൽ കോഹ്ലി നേട്ടമുണ്ടാക്കിയത്. 

പരിക്കിൽ നിന്നും മുക്തനായി ഇന്ത്യൻ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ കോഹ്ലി മറ്റു ബാറ്റ്മാന്മാരെല്ലാം പരാജയപെട്ട മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 79 റൺസ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ 143 പന്തുകൾ നേരിട്ട കോഹ്ലി 29 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ടെസ്റ്റ് റാങ്കിങിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെയും ശ്രീലങ്കൻ ക്യാപ്റ്റൻ ദിനുത് കരുണരത്നെയെയും പിന്നിലാക്കി ഏഴാം സ്ഥാനത്തെത്തി. പരിക്ക് മൂലം രണ്ടാം മത്സരം നഷ്ടപെട്ടതിനെ തുടർന്ന് റാങ്കിങിൽ ഒമ്പതാം സ്ഥാനത്തേക്ക് കോഹ്ലി പിന്തളളപ്പെട്ടിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ സാധിച്ചില്ലയെങ്കിലും റാങ്കിങിൽ അഞ്ചാം സ്ഥാനം നിലനിർത്താൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചു. രോഹിത് ശർമ്മയാണ് റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ. ആഷസ് പരമ്പരയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ട്രാവിസ് ഹെഡ് റാങ്കിങിൽ രോഹിത് ശർമ്മയ്ക്കൊപ്പം അഞ്ചാം സ്ഥാനം പങ്കിട്ടു. 773 പോയിൻ്റാണ് അഞ്ചാം സ്ഥാനത്തുള്ള ഇരുവർക്കുമുള്ളത്.

ഓസ്ട്രേലിയൻ യുവതാരം മാനസ് ലാബുഷെയ്നാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ലാബുഷെയ്ന് പിന്നിലുള്ളത്. ആഷസ് പരമ്പരയിലെ അവസാന മത്സരങ്ങളിൽ തിളങ്ങാൻ സാധിക്കാതിരുന്നതോടെ ഡേവിഡ് വാർണർ ആദ്യ പത്തിൽ നിന്നും പുറത്തായി പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബൗളർമാരുടെ റാങ്കിങിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ മൂന്ന് സ്ഥാനങ്ങൾ മെച്ചപെടുത്തി പത്താം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ പരമ്പരയിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും രണ്ടാം സ്ഥാനം നിലനിർത്താൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് സാധിച്ചു. റാങ്കിങിൽ ആദ്യ പത്തിലുള്ള ഒരേയൊരു സ്പിന്നർ കൂടിയാണ് അശ്വിൻ. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്.