Skip to content

മൂന്ന് ഫോർമാറ്റിലും അവൻ തന്നെ ഇന്ത്യയെ നയിക്കണം, രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന് നിർദ്ദേശിച്ച് ഗൗതമി ഗംഭീർ

വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ മൂന്ന് ഫോർമാറ്റിലും ഇനി ഇന്ത്യയെ രോഹിത് ശർമ്മ നയിക്കണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. തൻ്റെ ഈ നിർദ്ദേശത്തിന് പിന്നിലെ കാരണവും മുൻ താരം വിശദീകരിച്ചു. ടെസ്റ്റ് ടീമിനെ മികച്ച നിലയിൽ എത്തിച്ചാണ് കോഹ്ലി ഒഴിഞ്ഞതെങ്കിലും ലിമിറ്റഡ് ഓവർ ആ മികവ് പുറത്തെടുക്കാൻ കോഹ്ലിയ്ക്ക് സാധിച്ചില്ലയെന്നും ഗംഭീർ അഭിപ്രായപെട്ടു.

കോഹ്ലി ഒഴിഞ്ഞതോടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനെ കണ്ടെത്താൻ ഒരുങ്ങുകയാണ് ബിസിസിഐ. രോഹിത് ശർമ്മയ്ക്കൊപ്പം കെ എൽ രാഹുലാണ് സാധ്യത പട്ടികയിൽ മുൻ പന്തിയിലുള്ള താരം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കോഹ്ലിയുടെ അഭാവത്തിൽ കെ എൽ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്.

” കോഹ്ലിയുടെ രാജിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇതൊരു വ്യക്തിയുടെ തീരുമാനമാണ്, അതിനെ അങ്ങനെയാണ് കാണേണ്ടതും കൈകാര്യം ചെയ്യേണ്ടതെന്നും ഞാൻ കരുതുന്നു. ഇന്ത്യൻ ടെസ്റ്റ് ടീമിനെ നല്ല നിലയിൽ എത്തിച്ചുകൊണ്ടാണ് അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്, എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ അങ്ങനെയാണെന്ന് പറയാൻ സാധിക്കില്ല ” ഗംഭീർ പറഞ്ഞു.

” എൻ്റെ അഭിപ്രായത്തിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ രോഹിത് ശർമ്മ നയിക്കണം. കെ എൽ രഹുലായിരിക്കണം വൈസ് ക്യാപ്റ്റൻ. എല്ലാ ഫോർമാറ്റിലും ഒരു ക്യാപ്റ്റനായാൽ അത് ഇന്ത്യൻ ടീമിൻ്റെ ശൈലിയിലും സമീപനത്തിലും സ്ഥിരത ഉറപ്പാക്കും. പ്രത്യേകിച്ചും ഈ വർഷാവസാനം ഒരു ടി20 ലോകകപ്പ് ഉണ്ടെന്നത് കണക്കിലെടുത്താൽ. ”

” ടെസ്റ്റ് ക്രിക്കറ്റിലെ നമ്മുടെ ബൗളിങ് നിര എതിർടീമുകളെ അസൂയപെടുത്തുന്നതും നമ്മുടെ അഭിമാനവുമാണ്. ടീമിൻ്റെ പ്രകടനത്തിൽ എഞ്ചിൻ റൂം അവരാണെന്ന് വീണ്ടും തെളിയിച്ചു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ വിരാടിന് സൃഷടിക്കാൻ സാധിക്കാത്ത ഒരു മധ്യനിരയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ” ഗംഭീർ കൂട്ടിച്ചേർത്തു.

പരിക്കിൽ നിന്നും മുക്തനായി വെസ്റ്റിൻഡീസിനെതിരായ പരമ്പരയോടെ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയേക്കും. ടെസ്റ്റ് ക്രിക്കറ്റിലും ക്യാപ്റ്റനായാൽ ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ഹിറ്റ്മാൻ യുഗത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കും.