മറ്റൊരു കരുൺ നായരാകുമോ ശ്രേയസ് അയ്യർ, ആശങ്ക പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

ടെസ്റ്റ് അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനമാണ് ന്യൂസിലാൻഡിനെതിരായ കാൺപൂർ ടെസ്റ്റിൽ ശ്രേയസ് അയ്യർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയും ശ്രേയസ് അയ്യർ നേടിയിരുന്നു. എന്നാൽ ഈ തകർപ്പൻ പ്രകടനത്തിനിടയിലും അടുത്ത ടെസ്റ്റിൽ ശ്രേയസ് അയ്യർ ഉണ്ടാകുമോയെന്ന് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. കരുൺ നായരുടെ ഗതിചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ആശങ്കപങ്കുവെച്ചത്.

( Picture Source : BCCI )

2016 ൽ ഇംഗ്ലണ്ടിനെതിരെ പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ കരുൺ നായർക്ക് 2 മാസങ്ങൾക്ക് ശേഷം നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ അവസരം ലഭിച്ചിരുന്നില്ല. അജിങ്ക്യ രഹാനെ തിരിച്ചെത്തിയതോടെയാണ് പ്ലേയിങ് ഇലവനിൽ നിന്നും കരുൺ നായർ ഒഴിവാക്കപെട്ടത്. തുടർന്ന് ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവസരം ലഭിച്ചുവെങ്കിലും മികവ് പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല.

എന്നാൽ കഴിഞ്ഞ 30 ഇന്നിങ്സിൽ 25 ന് താഴെ ശരാശരിയുള്ള രഹാനെയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതും ട്രിപ്പിൾ സെഞ്ചുറി നേടി അടുത്ത മൂന്ന് മത്സരങ്ങളിൽ പരാജയപെട്ടതുകൊണ്ട് കരുൺ നായരെ പുറത്താക്കിയത് അനീതിയാണെന്നും സോഷ്യൽ മീഡിയയിൽ ആരാധകർ ചൂണ്ടിക്കാട്ടി.

മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി തിരിച്ചെത്തുന്നതോടെ അജിങ്ക്യ രഹാനെയ്ക്ക് വേണ്ടി ശ്രേയസ് അയ്യരെ ഒഴിവാക്കുമോയെന്ന ആശങ്കയും സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെച്ചു.

മത്സരത്തിലെ മോശം പ്രകടനത്തിന് പുറകെ നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് രഹാനെ ഏറ്റുവാങ്ങുന്നത്. Thankyou രഹാനെ എന്ന ഹാഷ്ടാഗോടെയാണ് രഹാനെയ്ക്കെതിരായ ആരാധകർ ട്രോളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 35 റൺസ് നേടി പുറത്തായ രഹാനെയ്ക്ക് രണ്ടാം ഇന്നിങ്സിൽ 4 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. അവസാന 29 ഇന്നിങ്സിൽ 24.4 ശരാശരിയിൽ ഒരു സെഞ്ചുറിയും 2 ഫിഫ്റ്റിയുമടക്കം 683 റൺസ് നേടുവാൻ മാത്രമാണ് രഹാനെയ്ക്ക് സാധിച്ചത്.