Skip to content

ആദ്യ ഇന്നിങ്സിൽ സെഞ്ചുറി, രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി, ചരിത്രനേട്ടം സ്വന്തമാക്കി ശ്രേയസ് അയ്യർ

ടെസ്റ്റ് അരങ്ങേറ്റത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ശ്രേയസ് അയ്യർ. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി നേടിയാണ് പുറത്തായത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ ബാറ്റർക്കും നേടാൻ സാധിക്കാത്ത റെക്കോർഡ് ശ്രേയസ് അയ്യർ സ്വന്തമാക്കി.

( Picture Source : BCCI )

കാൺപൂരിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 106 റൺസിന് 3 എന്ന നിലയിൽ ക്രീസിലെത്തിയ അയ്യർ 171 പന്തിൽ 105 റൺസ് നേടിയാണ് പുറത്തായത്. അഞ്ചാം വിക്കറ്റിൽ ജഡേജയ്ക്കൊപ്പം 121 റൺസ് ശ്രേയസ് അയ്യർ കൂട്ടിച്ചേർത്തിരുന്നു. രണ്ടാം ഇന്നിങ്സിൽ ഒരിക്കൽ കൂടി ഇന്ത്യൻ ടോപ്പ് ഓർഡർ പരാജയപെട്ടപ്പോൾ ശ്രേയസ് അയ്യർ വീണ്ടും രക്ഷകനാവുകയായിരുന്നു. 41 ന് 3 എന്ന നിലയിൽ ക്രീസിലെത്തിയ അയ്യർ 125 പന്തിൽ 8 ഫോറും ഒരു സിക്സുമടക്കം 65 റൺസ് നേടിയാണ് പുറത്തായത്. അയ്യരുടെ മികവിൽ ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ ലീഡ് 216 ആയി ഉയർത്തുകയും ചെയ്തു.

( Picture Source : BCCI )

മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറിയും ഫിഫ്റ്റിയും നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന ചരിത്രനേട്ടം ശ്രേയസ് അയ്യർ സ്വന്തമാക്കി.

( Picture Source : BCCI )

ടെസ്റ്റ് അരങ്ങേറ്റത്തിൽ രണ്ട് ഇന്നിങ്സിലും 50+ സ്‌കോർ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ശ്രേയസ് അയ്യർ. 1934 ൽ ഇംഗ്ലണ്ടിനെതിരെ ദിലാവർ ഹുസൈനും 1971 ൽ വെസ്റ്റിൻഡീസിനെതിരെ ഇതിഹാസതാരം സുനിൽ ഗാവസ്‌കറുമാണ് ഇതിനുമുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. എന്നാൽ ഇരുവർക്കും രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടാൻ മാത്രമാണ് സാധിച്ചത്.

( Picture Source : BCCI )