ഇനി മുൻപിൽ സാക്ഷാൽ അനിൽ കുംബ്ലെയും കപിൽ ദേവും മാത്രം, വിക്കറ്റ് വേട്ടയിൽ അശ്വിന്റെ കുതിപ്പ്

ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി ഇന്ത്യൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ. ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ടോം ലാതത്തെ പുറത്താക്കിയാണ് തകർപ്പൻ നേട്ടം രവിചന്ദ്രൻ അശ്വിൻ സ്വന്തമാക്കിയത്.

( Picture Source : BCCI )

അഞ്ചാം ദിനത്തിൽ 146 പന്തിൽ 52 റൺസ് നേടിയ ന്യൂസിലാൻഡ് ഓപ്പണർ ടോം ലാതത്തിന്റെ വിക്കറ്റ് നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് രവിചന്ദ്രൻ അശ്വിൻ സ്വന്തമാക്കി. സ്‌പിന്നർ ഹർഭജൻ സിങിനെ പിന്നിലാക്കിയാണ് ഈ തകർപ്പൻ നേട്ടം അശ്വിൻ സ്വന്തമാക്കിയത്.

( Picture Source : BCCI )

103 മത്സരങ്ങളിൽ നിന്നും 417 വിക്കറ്റാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഹർഭജൻ സിങ് ഇന്ത്യയ്ക്കായി നേടിയിട്ടുള്ളത്. മറുഭാഗത്ത് രവിചന്ദ്രൻ അശ്വിൻ 83 മത്സരങ്ങളിൽ നിന്നും 418 വിക്കറ്റ് നേടിയാണ് ഹർഭജൻ സിങിനെ പിന്നിലാക്കിയത്.

132 മത്സരങ്ങളിൽ നിന്നും 632 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ, 131 മത്സരങ്ങളിൽ നിന്നും 434 വിക്കറ്റ് നേടിയ കപിൽ ദേവും മാത്രമാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ അശ്വിന് മുൻപിലുള്ളത്.

( Picture Source : BCCI )

ഹർഭജൻ സിങിനെ പിന്നിലാക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരുടെ പട്ടികയിൽ പതിമൂന്നാം സ്ഥാനത്തെത്താനും അശ്വിന് സാധിച്ചു. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ സ്പിൻ ബൗളർമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്താനും അശ്വിന് സാധിച്ചു. 800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരൻ, 708 വിക്കറ്റ് നേടിയ ഷെയ്ൻ വോൺ, 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ, 433 വിക്കറ്റ് നേടിയ രങ്കണ ഹെറാത് എന്നിവരാണ് ഈ പട്ടികയിൽ ഇനി അശ്വിന് മുൻപിലുള്ളത്.

( Picture Source : BCCI )