Skip to content

ടി20 ലോകകപ്പ്, ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സെമിഫൈനലിൽ, സൗത്താഫ്രിക്ക പുറത്ത്

ഐസിസി ടി20 ലോകകപ്പിൽ സെമിഫൈനൽ യോഗ്യത നേടി ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആവേശവിജയം നേടിയെങ്കിലും ഓസ്‌ട്രേലിയയുടെ നെറ്റ് റൺറേറ്റ് മറികടക്കാൻ സാധിക്കാതിരുന്നതിനാലാണ് സൗത്താഫ്രിക്കയ്ക്ക് യോഗ്യത നേടാൻ സാധിക്കാതിരുന്നത്.

( Picture Source : Twitter / ICC T20 WORLD CUP )

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 10 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 190 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. ഓസ്‌ട്രേലിയയുടെ നെറ്റ് റൺറേറ്റ് മറികടക്കണമെങ്കിൽ ഇംഗ്ലണ്ടിനെ 132 റൺസിന് താഴെ പുറത്താക്കി 58 റൺസിന്റെ വിജയം സൗത്താഫ്രിക്കയ്ക്ക് നേടണമായിരുന്നു.

( Picture Source : Twitter / ICC T20 WORLD CUP )

60 പന്തിൽ 94 റൺസ് നേടിയ വാൻഡർഡുസന്റെയും 25 പന്തിൽ 52 റൺസ് നേടിയ ഐയ്‌ഡ്ൻ മാർക്രത്തിന്റെയും മികവിലാണ് സൗത്താഫ്രിക്ക കൂറ്റൻ സ്കോർ നേടിയത്. ഇരുവരും മൂന്നാം വിക്കറ്റിൽ 103 റൺസ് സൗത്താഫ്രിക്കയ്ക്കായി കൂട്ടിച്ചേർത്തു. മറുപടി ബാറ്റിങിൽ 27 പന്തിൽ 37 റൺസ് നേടിയ മൊയിൻ അലിയും 17 പന്തിൽ 28 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റണും ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയെങ്കിലും വിജയലക്ഷ്യം മറികടക്കുവാൻ സാധിച്ചില്ല. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഷംസിയും പ്രെട്ടോറിയസും 2 വിക്കറ്റ് വീതവും കഗിസോ റബാഡ അവസാന ഓവറിൽ ഹാട്രിക്കും നേടി.

( Picture Source : Twitter / ICC T20 WORLD CUP )

ബംഗ്ലാദേശിനെതിരെ നേടിയ വമ്പൻ വിജയമാണ് ഓസ്‌ട്രേലിയയെ സെമിഫൈനലിലെത്തിച്ചത്. ബംഗ്ലാദേശിനെതിരെ 74 റൺസിന്റെ വിജയലക്ഷ്യം 6.2 ഓവറിൽ ഓസ്‌ട്രേലിയ മറികടന്നിരുന്നു. തുടർന്ന് ഇന്ന് വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 158 റൺസിന്റെ വിജയലക്ഷ്യം 16.2 ഓവറിൽ മറികടന്നുകൊണ്ട് ഓസ്‌ട്രേലിയ തങ്ങളുടെ നെറ്റ് റൺറേറ്റ് കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തു. 56 പന്തിൽ പുറത്താകാതെ 89 റൺസ് നേടിയ ഡേവിഡ് വാർണറും 32 പന്തിൽ 53 റൺസ് നേടിയ മിച്ചൽ മാർഷുമാണ് ഓസ്‌ട്രേലിയക്ക് അനായാസ വിജയം സമ്മാനിച്ചത്.

( Picture Source : Twitter / ICC T20 WORLD CUP )

പാകിസ്ഥാനായിരിക്കും സെമിഫൈനലിൽ ഓസ്‌ട്രേലിയയുടെ എതിരാളി. പാകിസ്ഥാന് പുറകിൽ രണ്ടാം സ്ഥാനക്കാരായെത്തുന്ന ടീമായിരിക്കും ഇംഗ്ലണ്ടിന്റെ എതിരാളികൾ.

( Picture Source : Twitter / ICC T20 WORLD CUP )