Skip to content

പരിക്കേറ്റ് നടക്കുവാൻ പോലുമാകാഞ്ഞിട്ടും സൗത്താഫ്രിക്കയെ അഭിനന്ദിക്കാൻ ഗ്രൗണ്ടിലെത്തി ജേസൺ റോയ്, വീഡിയോ കാണാം

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കി ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റർ ജേസൺ റോയ്. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് നടക്കാൻ പോലും സാധിക്കാതിരുന്നിട്ടും മത്സരത്തിൽ വിജയിച്ച സൗത്താഫ്രിക്കയെ അഭിനന്ദിക്കാൻ റോയ് ഗ്രൗണ്ടിൽ തിരിച്ചെത്തുകയായിരുന്നു. സെമിഫൈനൽ യോഗ്യത നേടാൻ സാധിച്ചില്ലയെങ്കിലും ടൂർണമെന്റിലെ ഏറ്റവും ശക്തരായ ഇംഗ്ലണ്ടിനെ 10 റൺസിന് സൗത്താഫ്രിക്ക പരാജയപെടുത്തിയിരുന്നു.

( Picture Source : Twitter / ICC T20 WORLD CUP )

മത്സരത്തിൽ ഇംഗ്ലണ്ടിന്റെ റൺചേസിനിടെ അഞ്ചാം ഓവറിലെ ആദ്യ പന്തിലാണ് റോയ് പരിക്കിന്റെ പിടിയിലാകുന്നത്. പന്ത്‌ മിഡ് വിക്കറ്റിലേക്ക് കളിച്ചുകൊണ്ട് ബട്ട്ലർ സിംഗിൾ ഓടിയപ്പോൾ ഒറ്റക്കാലിൽ മുടന്തികൊണ്ടാണ് റോയ് സ്‌ട്രൈക്കർ എൻഡിൽ എത്തിയത്. റൺ പൂർത്തിയാക്കിയ ഉടനെ റോയ് ഗ്രൗണ്ടിൽ വീഴുകയും ചെയ്തു. തുടർന്ന് ഫിസിയോ എത്തുകയും റോയ് ഫീൽഡ് വിടുകയും പകരക്കാരനായി മൊയിൻ അലി എത്തുകയും ചെയ്തു. ഹാംസ്ട്രിങ് ഇഞ്ചുറി മൂലം 2019 ൽ നടന്ന ഏകദിന ലോകകപ്പിൽ നിന്നും റോയ് പുറത്തായിരുന്നു. ഇപ്പോഴിതാ തന്റെ ടീം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയപ്പോൾ വീണ്ടും പരിക്ക് റോയ്ക്ക് വില്ലനായി എത്തിയിരിക്കുകയാണ്.

( Picture Source : Twitter / ICC T20 WORLD CUP )

നടക്കാൻ പോലും സാധിക്കാതിരുന്നിട്ടും മത്സരശേഷം സൗത്താഫ്രിക്കയെ അഭിനന്ദിക്കാൻ ക്രച്ചിന്റെ സഹായത്തോടെ റോയ് ഗ്രൗണ്ടിൽ തിരിച്ചെത്തുകയും ചെയ്തു. അവസാന ഓവറിൽ കഗിസോ റബാഡയുടെ ഹാട്രിക് മികവിലാണ് സൗത്താഫ്രിക്ക 10 റൺസിന്റെ വിജയം നേടിയത്.

വീഡിയോ ; 

ഇംഗ്ലണ്ടിനൊപ്പം ഓസ്ട്രേലിയയും ഒന്നാം ഗ്രൂപ്പിൽ നിന്നും സെമിഫൈനൽ യോഗ്യത നേടി. മത്സരത്തിൽ ഇംഗ്ലണ്ട് സ്കോർ 132 റൺസ് പിന്നിട്ടതോടെയാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ യോഗ്യത നേടിയത്.

ലോകകപ്പിന് മുൻപ് കളിച്ച അഞ്ച് ടി20 പരമ്പരകളിൽ അഞ്ചിലും പരാജയപെട്ട ഓസ്‌ട്രേലിയ മികച്ച പ്രകടനമാണ് ലോകകപ്പിൽ പുറത്തെടുത്തത്. ടൂർണമെന്റിൽ ഇംഗ്ലണ്ടിനോട് പരാജയപെട്ട ഓസ്‌ട്രേലിയ ബംഗ്ലാദേശിനെതിരെ നേടിയ വമ്പൻ വിജയത്തോടെയാണ് സൗത്താഫ്രിക്കയുടെ റൺറേറ്റ് മറികടന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 74 റൺസിന്റെ വിജയലക്ഷ്യം 6.2 ഓവറിലാണ് ഓസ്ട്രേലിയ മറികടന്നത്. എന്നാൽ ബംഗ്ലാദേശിനെതിരായ മത്സരം വേണ്ടാവിധത്തിൽ ഉപയോഗപെടുത്താൻ സൗത്താഫ്രിക്കയ്ക്ക് സാധിച്ചില്ല. ബംഗ്ലാദേശിനെ 84 റൺസിൽ ഒതുക്കിയെങ്കിലും 13.3 ഓവറുകളിൽ നിന്നാണ് സൗത്താഫ്രിക്ക വിജയലക്ഷ്യം മറികടന്നത്.

( Picture Source : Twitter / ICC T20 WORLD CUP )