Skip to content

എന്തിനോടും പ്രതികരിക്കുന്നത് വലിയ കാര്യമല്ല, ചില സമയങ്ങളിൽ സംയമനത്തിനാണ് പ്രാധാന്യം, കോഹ്ലിയ്ക്കെതിരെ ഗൗതം ഗംഭീർ

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. എന്തിനോടും ഏതിനോടും പ്രതികരിക്കുന്നതല്ല പാഷനെന്നും ഗംഭീർ പറഞ്ഞു. മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലാൻഡ് പരാജയപെടുത്തിയത്.

( Picture Source : Twitter / ICC T20 WORLD CUP )

മത്സരത്തിലെ പരാജയത്തോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞു. നേരത്തെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് 10 വിക്കറ്റിന് ഇന്ത്യ പരാജയപെട്ടിരുന്നു. ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം പരാജയമാണിത്. ഇത്തരം സുപ്രധാന മത്സരങ്ങളിലാണ് ക്യാപ്റ്റന്മാർ പ്രധാനപങ്ക് വഹിക്കുന്നതെന്നും എന്തിനോടും ഏതിനോടും പ്രതികരിക്കുന്ന ക്യാപ്റ്റന്മാരെയല്ല ഇത്തരം സമ്മർദ്ദഘട്ടങ്ങളിൽ ആവശ്യമെന്നും ഗംഭീർ തുറന്നടിച്ചു.

( Picture Source : Twitter / ICC T20 WORLD CUP )

” ഇന്ത്യയുടെ അതേ പൊസിഷനിലായിരുന്നു ഇന്നലെ ന്യൂസിലാൻഡും ഉണ്ടായിരുന്നത്. അതേ സമ്മർദ്ദമായിരുന്നു അവർക്കുണ്ടായിരുന്നത്. ഇതെല്ലാം തുടക്കമാകുന്നത് ക്യാപ്റ്റനിൽ നിന്നാണ്. ന്യൂസിലാൻഡ് ടീമിന്റെ ഈ ശാന്തതയ്ക്ക് കാരണം കെയ്ൻ വില്യംസനാണ്. എല്ലായ്പ്പോഴും നിങ്ങളുടെ വികാരങ്ങൾ പുറത്തുകാണിക്കേണ്ടതില്ല. നിങ്ങൾ പോസിറ്റീവാണെങ്കിൽ അതിനൊപ്പം തന്നെ നിങ്ങളുടെ ടീമും പോസിറ്റീവാകും. എല്ലാത്തിനോടും പ്രതികരിക്കുന്നത് കൊണ്ട് നിങ്ങൾക്ക് മറ്റുള്ളവരേക്കാൾ പാഷനുണ്ടെന്ന് പറയാനാകില്ല. ”

( Picture Source : Twitter / ICC T20 WORLD CUP )

” കെയ്ൻ വില്യംസൺ എന്തിനോടും പ്രതികരിക്കുന്ന കൂട്ടത്തിലുള്ള ആളല്ല. അവൻ പാലിക്കുന്ന സംയമനം നോക്കൂ. സമ്മർദ്ദം നിറഞ്ഞ മത്സരങ്ങളിൽ നിങ്ങൾ കാണിക്കുന്ന ആവേശത്തേക്കാളും മറ്റെന്തിനേക്കാളും പ്രധാനമാണ് നിങ്ങൾ കാണിക്കുന്ന ശാന്തത. ” ഗൗതം ഗംഭീർ പറഞ്ഞു.

” ഇത്തരം സുപ്രധാന മത്സരങ്ങളിലാണ് ക്യാപ്റ്റൻ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത്. കെയ്ൻ അക്കാര്യത്തിൽ മിടുക്കനായ ക്യാപ്റ്റനാണ്. അവർ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടി, ഇപ്പോഴിതാ അവർ സെമിഫൈനലിലേക്ക് കടക്കുന്നു. സെമിയിലെത്തിയാൽ ഈ ടി20 ലോകകപ്പ് വിജയിക്കാനും അവർക്ക് സാധിച്ചേക്കും. ” ഗൗതം ഗംഭീർ പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )