Skip to content

അവൻ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്ററാണ്, രോഹിത് ശർമ്മയെ ഓപ്പണിങിൽ നിന്നും മാറ്റിയ തീരുമാനത്തെ വിമർശിച്ച് ഗൗതം ഗംഭീർ

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണ്ണായക മത്സരത്തിൽ രോഹിത് ശർമ്മയെ ഓപണിങ് പൊസിഷനിൽ നിന്നും മാറ്റിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ്മയേക്കാൾ മികച്ച വൈറ്റ് ബോൾ ക്രിക്കറ്ററില്ലയെന്നും രോഹിത് ശർമ്മയെ മൂന്നാമനായി ഇറക്കിയത് നെഗറ്റീവ് ചിന്താഗതിയാണെന്നും ഗൗതം ഗംഭീർ പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

മത്സരത്തിൽ കെ എൽ രാഹുലിനൊപ്പം ഇഷാൻ കിഷനാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്തത്. 8 പന്തിൽ 4 റൺസ് മാത്രം നേടിയാണ് ഇഷാൻ കിഷൻ പുറത്തായത്. മൂന്നാമനായെത്തിയ രോഹിത് ശർമ്മയ്ക്കും മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. 14 പന്തിൽ 14 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്.

” രോഹിത് ശർമ്മയ്ക്ക് ചെയ്യാൻ സാധിക്കാത്തത് ഇഷാൻ കിഷന് ചെയ്യാൻ സാധിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ അതിൽ പ്രശ്നങ്ങളുണ്ട്, അത് തെറ്റായ ചിന്താഗതിയാണ്. “

( Picture Source : Twitter / ICC T20 WORLD CUP )

” ആദ്യ ആറോവറിൽ 60 റൺസ് നേടി ഇഷാൻ കിഷൻ മികച്ച തുടക്കം നൽകുമെന്നും പിന്നീട് രോഹിത് ശർമ്മയ്ക്കും കോഹ്ലിയ്ക്കും അത് മുതലെടുക്കാമെന്നും കരുതുന്നുവെങ്കിൽ അത് തെറ്റാണ്, കാരണം വൈറ്റ് ബോൾ ക്രിക്കറ്റിൽ രോഹിത് ശർമ്മയേക്കാൾ മികച്ച താരത്തെ നമ്മൾ കണ്ടിട്ടില്ല. അന്താരാഷ്ട്ര ടി20യിൽ അവന് നാല് സെഞ്ചുറിയുണ്ട്, എന്നിട്ടും അവനെ നിങ്ങൾ മൂന്നാം നമ്പറിലിറക്കി. ” ഗൗതം ഗംഭീർ പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

” ഓപ്പണർമാരായി രോഹിത് ശർമ്മയെയും കെ എൽ രാഹുലിനെയും തന്നെ ഇറക്കണമായിരുന്നു, കോഹ്ലി നാലാമനായാണ് ഇറങ്ങുന്നതെങ്കിൽ ഇഷാൻ കിഷന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാം. അതായിരുന്നു ഇന്ത്യ വരുത്തേണ്ടിയിരുന്ന മാറ്റം. എന്നാൽ ഇവിടെ വിരാട് കോഹ്ലി അവന്റെ പൊസിഷൻ മാറ്റം വരുത്തിയെന്ന് മാത്രമല്ല, രോഹിത് ശർമ്മയെ ഓപ്പണിങിൽ നിന്നും പിൻവലിച്ചു. ഇത് ടീമിന്റെ മാനസികാവസ്ഥയെ തന്നെയാണ് കാണിക്കുന്നത്, ഡ്രസിങ് റൂമിൽ പരിഭ്രാന്തിയുണ്ടായിരുന്നുവെന്നത് വ്യക്തമാണ്. ” ഗംഭീർ കൂട്ടിച്ചേർത്തു.

നിർണായക മത്സരത്തിലെ പരാജയത്തോടെ ഇന്ത്യയുടെ പ്ലേയോഫ് സാധ്യതകൾക്ക് തിരിച്ചെടിയായി. നവംബർ മൂന്നിന് അഫ്ഘാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

( Picture Source : Twitter / ICC T20 WORLD CUP )