Skip to content

റിക്കി പോണ്ടിങിനെ മറികടന്നു, ഇനി ഇന്ത്യയുടെ വില്ലൻ കെയ്ൻ വില്യംസൺ, തകർപ്പൻ നേട്ടത്തിൽ ന്യൂസിലാൻഡ് നായകൻ

തകർപ്പൻ വിജയമാണ് ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ നിർണായക മത്സരത്തിൽ ന്യൂസിലാൻഡ് നേടിയത്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു കെയ്ൻ വില്യംസന്റെയും കൂട്ടരുടെയും വിജയം. മത്സരത്തിലെ വിജയത്തോടെ തകർപ്പൻ ക്യാപ്റ്റൻസി നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കെയ്ൻ വില്യംസൺ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനെ പിന്നിലാക്കിയാണ് ഈ വമ്പൻ നേട്ടം വില്യംസൺ സ്വന്തമാക്കിയത്.

( Picture Source : Twitter / ICC T20 WORLD CUP )

ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ടൂർണമെന്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീമിനോട് ഇന്ത്യ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയപെടുന്നത്. ഐസിസി ടൂർണമെന്റുകളിൽ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ തുടർച്ചയായ ഏഴാം തോൽവി കൂടിയാണിത്. ഇതിനുമുൻപ് 2003 ലോകകപ്പിൽ സൗരവ്‌ ഗാംഗുലിയുടെ കീഴിലാണ് അവസാനമായി ന്യൂസിലാൻഡിനെ ഇന്ത്യ പരാജയപെടുത്തിയത്.

( Picture Source : Twitter / ICC T20 WORLD CUP )

ഐസിസി ടൂർണമെന്റുകളിൽ കെയ്ൻ വില്യംസൺ ക്യാപ്റ്റനായിരിക്കെ ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡ് നേടുന്ന നാലാമത്തെ വിജയമാണിത്. ഇതോടെ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ വിജയം നേടുന്ന ക്യാപ്റ്റനെന്ന വമ്പൻ റെക്കോർഡ് വില്യംസൺ സ്വന്തമാക്കി. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനെയാണ് ഈ നേട്ടത്തിൽ വില്യംസൺ പിന്നിലാക്കിയത്. പോണ്ടിങ് ക്യാപ്റ്റനായിരിക്കെ മൂന്ന് തവണ ഐസിസി ടൂർണമെന്റുകളിൽ ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപെടുത്തിയിട്ടുണ്ട്.

( Picture Source : Twitter / ICC T20 WORLD CUP )

2016 ൽ നടന്ന ഐസിസി ടി20 ലോകകപ്പിലാണ് കെയ്ൻ വില്യംസന്റെ കീഴിൽ ന്യൂസിലാൻഡ് ഇന്ത്യയ്ക്കെതിരെ നേടിയ ആദ്യ വിജയം. തുടർന്ന് 2019 ഏകദിന ലോകകപ്പിലെ സെമിഫൈനലിൽ ഇന്ത്യയെ പരാജയപെടുത്തിയ വില്യംസണും കൂട്ടരും ഈ വർഷം നടന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയെ പരാജയപെടുത്തി. മറുഭാഗത്ത് 2003 ൽ നടന്ന ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും ഫൈനൽ പോരാട്ടത്തിലും തുടർന്ന് 2006 ൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലുമാണ് റിക്കി പോണ്ടിങിന്റെ കീഴിൽ ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപെടുത്തിയത്. (ഐസിസി ടൂർണമെന്റുകളിൽ ).

( Picture Source : Twitter / ICC T20 WORLD CUP )

ഇന്ത്യയ്ക്കെതിരായ നിർണായക മത്സരത്തിൽ വിജയിച്ചുവെങ്കിലും ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ ന്യൂസിലാൻഡിന് സെമിഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ. മൂന്ന് മത്സരങ്ങളിൽ വിജയിച്ചാൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും പുറത്താവുകയും ന്യൂസിലാൻഡ് സെമിയിൽ പ്രവേശിക്കുകയും ചെയ്യും. നവംബർ മൂന്നിന് സ്കോട്ലൻഡിനെതിരെയാണ് ന്യൂസിലാൻഡിന്റെ അടുത്ത മത്സരം.

( Picture Source : Twitter / ICC T20 WORLD CUP )