Skip to content

അതുകൊണ്ടാണ് അവർ അത്തരത്തിൽ ബാറ്റ് ചെയ്‌തത്‌, ഇന്ത്യൻ ബാറ്റർമാർ അനാവശ്യഷോട്ടുകൾക്ക് മുതിർന്നതിന് പിന്നിലെ കാരണം വിശദീകരിച്ച് ജസ്പ്രീത് ബുംറ

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിൽ ഇന്ത്യൻ ടീം കാഴ്ച്ചവെച്ചത്. മത്സരത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ചുകൊണ്ടായിരുന്നു ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപെടുത്തിയത്. 110 റൺസ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സ്കോർ ചെയ്യാൻ സാധിച്ചത്. മത്സരശേഷം നിർണായക പോരാട്ടത്തിൽ ബാറ്റിങിലെ ഇന്ത്യയുടെ വ്യത്യസ്തമായ സമീപനത്തിന് പിന്നിലെ കാരണം വിശദീകരിച്ചിരിക്കുകയാണ് പേസർ ജസ്പ്രീത് ബുംറ.

( Picture Source : Twitter / ICC T20 WORLD CUP )

മത്സരത്തിൽ തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപെട്ട ശേഷവും അറ്റാക്കിങ് ഷോട്ടുകൾ കളിക്കവെയാണ് സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും പുറത്തായത്. ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ ഇഷ് സോധിയാണ് ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയത്.

( Picture Source : Twitter / ICC T20 WORLD CUP )

” രണ്ടാം ഇന്നിങ്സിൽ ഡ്യൂ വലിയൊരു ഘടകമാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയിൽ കൂടുതൽ റൺസ് നേടാനാണ് ഞങ്ങൾ ശ്രമിച്ചത്. കാരണം രണ്ടാം ഇന്നിങ്സിൽ ആനുകൂല്യം ലഭിക്കണമെങ്കിൽ എക്സ്ട്രാ റൺസ് ഞങ്ങൾക്ക് ആവശ്യമായിരുന്നു. അതിനുശേഷം കുറച്ചധികം അറ്റാക്കിങ് ഷോട്ടുകൾ ഞങ്ങൾ കളിച്ചു. എന്നാലത് വിജയിച്ചില്ല. അതായിരുന്നു ബാറ്റിങ് യൂണിറ്റ് എന്ന നിലയിലുള്ള ഞങ്ങളുടെ സമീപനം. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് എളുപ്പമാകും. അതുകൊണ്ട് തന്നെ ബൗളർമാർക്ക് എക്സ്ട്രാ റൺസിന്റെ ആനുകൂല്യം അനിവാര്യമായിരുന്നു. ”

( Picture Source : Twitter / ICC T20 WORLD CUP )

” രണ്ടാം ഇന്നിങ്സിൽ ഞങ്ങൾ ലെങ്ത് ബോളുകൾ എറിഞ്ഞപ്പോൾ അത് പിച്ചിൽ ഹോൾഡ് ചെയ്യുന്നുണ്ടായിരുന്നില്ല. എന്നാൽ ആദ്യ ഇന്നിങ്സിൽ നോക്കൂ, ലെങ്ത് ബോളിൽ പുൾഷോട്ടും റൺസ് നേടുന്നതും ദുഷ്കരമായിരുന്നു. രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് മെച്ചപ്പെടുമെന്ന് കഴിഞ്ഞ മത്സരത്തിലും ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അതുകൊണ്ടാണ് 20-25 റൺസ് അധികം നേടാൻ ഞങ്ങൾ ശ്രമിച്ചത്. ടോസ് എന്നത് നിർണായക ഘടകമായി മാറികൊണ്ടിരിക്കുന്നു. ” ബുംറ പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

ഇതേ പിച്ചിൽ സമാനമായ രീതിയിലായിരുന്നു കഴിഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയ പരാജയപെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ 125 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മറുപടി ബാറ്റിങിൽ ഇംഗ്ലണ്ട് 11.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

( Picture Source : Twitter / ICC T20 WORLD CUP )