Skip to content

ഇഷാൻ കിഷന് വേണ്ടി അവനെ ഒഴിവാക്കരുത്, ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിൽ ഹാർദിക് പാണ്ഡ്യയെ ഇന്ത്യ ഒഴിവാക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി ഇഷാൻ കിഷന് അവസരം നൽകുന്നത് ടീമിന് ഗുണംചെയ്യില്ലയെന്നും വലിയ മാറ്റങ്ങൾക്ക് ശ്രമിക്കുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

( Picture Source : Twitter / BCCI )

ഒക്ടോബർ 31 നാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ ഇരുടീമുകളും പാകിസ്ഥാനോട് പരാജയപെട്ടതിനാൽ സെമിഫൈനൽ യോഗ്യത നേടാൻ ഇരുടീമുകൾക്കും വിജയം അനിവാര്യമാണ്. ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയ കഴിഞ്ഞ 5 ടി20 മത്സരങ്ങിലും അഞ്ചിലും വിജയിച്ചത് ഇന്ത്യയായിരുന്നു.

( Picture Source : Twitter / BCCI )

” ഹാർദിക് പാണ്ഡ്യ ബൗൾ ചെയ്യാത്തതിനാൽ അവൻ ടീമിന്റെ ബാലൻസ് ഇല്ലാതാക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നാം, അതിൽ തെറ്റൊന്നുമില്ല. ഈ വർഷം അവന് അധികം റൺസ് നേടാൻ സാധിച്ചിട്ടില്ല. കൂടാതെ ചില മത്സരങ്ങളും അവന് നഷ്ട്ടമായി. ”

( Picture Source : Twitter / BCCI )

” പാകിസ്ഥാനെതിരായ അവന്റെ പ്രകടനം നോക്കൂ, ഹാർദിക് പാണ്ഡ്യയെ പോലെയൊരു താരത്തിന്റെ കഴിവിനെ വെറും 8 പന്തുകൾ കൊണ്ട് വിലയിരുത്താൻ സാധിക്കുമോ ? അവൻ ബാറ്റ് കൊണ്ട് ഈ വർഷം ഫോമിലെത്തിയിട്ടില്ലയെന്നത് വസ്‌തുത തന്നെയാണ്. കൂടാതെ അവന് ബൗളിങ് ചെയ്യാൻ സാധിക്കാത്തതും ഇന്ത്യയുടെ ബാലൻസ് ഇല്ലാതാക്കി, കാരണം അഞ്ച് ബൗളിങ് ഓപ്ഷൻ മാത്രമാണ് നമുക്കുള്ളത്. ” ആകാശ് ചോപ്ര പറഞ്ഞു.

” എന്നാൽ ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ഇഷാൻ കിഷനെ ഉൾപ്പെടുത്തണോ ? തീർച്ചയായും വേണ്ട, അവൻ പാണ്ഡ്യയ്ക്ക് പകരക്കാരനായി എത്തിയാൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യേണ്ടിവരും, പിന്നീട് രാഹുൽ നാലാമനായും പന്ത്‌ അഞ്ചാമനായും ബാറ്റ് ചെയ്യേണ്ടിവരും, അപ്പോൾ സൂര്യകുമാർ യാദവ് ? അവൻ ആറാമനായി ഇറങ്ങണോ ? അതൊരിക്കലും ശരിയായ തീരുമാനമാകില്ല. ”

( Picture Source : Twitter / BCCI )

” ഒരു പരാജയം ഇത്തരം വലിയ മാറ്റങ്ങളിലേക്ക് നയിച്ചാൽ നമ്മൾ നമ്മുടെ സെലക്ഷൻ നടപടികൾ വിശ്വസിക്കുന്നില്ലയെന്ന് കാണിക്കും. ഇഷാൻ കിഷനെ ഉൾപ്പെടുത്തിയാൽ അത് ടീമിന്റെ സെലക്ഷൻ ഘടനയെ ബാധിക്കും. ബൗളിങ് അറ്റാക്കിൽ ഇന്ത്യയ്ക്ക് മാറ്റങ്ങൾ വരുത്താവുന്നതാണ്. എന്നാൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് അവസരം നൽകണം. ഇഷാൻ കിഷൻ അവന്റെ അവസരത്തിനായി ഇനിയും കത്തിരിക്കട്ടെ. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )