Skip to content

ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ച് കൊക്കക്കോള കുപ്പികൾ മാറ്റിവെച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ പ്രസ് കോണ്ഫറന്സ് ടേബിളിൽ വെച്ചിരുന്ന കൊക്കകോള കുപ്പികൾ എടുത്തുമാറ്റി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ഐസിസി ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയ ശ്രീലങ്ക മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. നാല് മാസങ്ങൾക്ക് മുൻപ് നടന്ന യൂറോ കപ്പിനിടെയാണ് പരസ്യത്തിന്റെ ഭാഗമായി വെച്ചിരുന്ന കൊക്കകോള കുപ്പികൾ റൊണാൾഡോ എടുത്തുമാറ്റി വെള്ളം കുടിക്കുവാൻ ആവശ്യപെട്ടത്. വാർണർ കുപ്പികൾ എടുത്തുമാറ്റിയെങ്കിലും അധികൃതരുടെ നിർദ്ദേശപ്രകാരം താരം കുപ്പികൾ തിരികെവെച്ചു.

( Picture Source : Twitter / ICC T20 WORLD CUP )

മത്സരത്തിൽ ഫിഫ്റ്റി നേടി ഫോമിൽ തിരിച്ചെത്തിയ താരം ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ അനായാസ വിജയം സമ്മാനിച്ചു. 42 പന്തിൽ നിന്നും 10 ബൗണ്ടറിയടക്കം 65 റൺസ് നേടിയാണ് വാർണർ പുറത്തായത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 17 ഓവറിലാണ് ഓസ്‌ട്രേലിയ മറികടന്നത്.

( Picture Source : Twitter / ICC T20 WORLD CUP )

മത്സരശേഷം വാർത്താസമ്മേളനത്തിനായെത്തിയ വാർണർ കസേരയിൽ ഇരുന്നതിന് ശേഷം മുൻപിലുണ്ടായിരുന്ന രണ്ട് കൊക്കക്കോള കുപ്പികൾ എടുത്തുമാറ്റുകയും ഇത് മാറ്റാൻ പറ്റുമോയെന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ ഓസ്‌ട്രേലിയൻ ഓപ്പണറുടെ ആവശ്യം അധികൃതർ അംഗീകരിച്ചില്ല, കുപ്പികൾ തിരികെ വെയ്ക്കുന്നതിനിടയിൽ ” ക്രിസ്റ്റ്യാനോയ്ക്ക് ഇത് മതിയാകുമെങ്കിൽ എനിക്കത് മതിയെന്ന് തമാശ രൂപേണ പറയുകയും ചെയ്തു.

വീഡിയോ ;

മത്സരത്തിൽ ഡേവിഡ് വാർണർക്കൊപ്പം ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ഫോമിലെത്തിയിരുന്നു. 23 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പെടെ 37 റൺസ് നേടിയാണ് ഫിഞ്ച് മടങ്ങിയത്. ടൂർണമെന്റിലെ ഓസ്‌ട്രേലിയയുടെ രണ്ടാം വിജയമാണിത്. നേരത്തെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയെ 5 വിക്കറ്റിന് ഓസ്‌ട്രേലിയ പരാജയപെടുത്തിയിരുന്നു. ഒക്ടോബർ 30 ന് ലോക ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിനെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം.

( Picture Source : Twitter / ICC T20 WORLD CUP )